കോതമംഗലം: ധന്യാത്മാവിന്റെ സ്മരണകൾ അലയടിച്ച സായാഹ്നത്തിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻപദവിയിലേക്ക് ഉയർത്തിയതിന്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസന്റ് നെടുങ്ങാട്ട് എന്നിവരും വിവിധ രൂപതകളിൽനിന്നും സന്യാസ സഭകളിൽനിന്നുമായി എത്തിയ നൂറോളം വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന് കത്തീഡ്രലിലെ മാർ മാത്യൂസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സമുദായ ശക്തീകരണ വർഷം ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ, എസ്എബിഎസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. തെരേസ നടുപ്പടവിൽ, കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ധന്യന്റെ കുടുംബ പ്രതിനിധി ജോവാക്കിം ജേക്കബ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു.
സമുദായ ശക്തീകരണവർഷ പ്രമേയം റവ. ഡോ. ആന്റണി പുത്തൻകുളം അവതരിപ്പിച്ചു. ഭവനരഹിതരായ 17 പേർക്കു വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകൾ എംഎസ്ജെ സെന്റ് ജോസഫ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ കൈമാറി. മോൺ. പയസ് മലേക്കണ്ടത്തിൽ, എംഎസ്ജെ സുപ്പീരിയർ ജനറൽ മദർ മെറീന എന്നിവർ പ്രസംഗിച്ചു. എംഎസ്ജെ സന്യാസിനിമാർ ആലപിച്ച പ്രാർഥനാഗീതത്തോടെയാണു സമ്മേളനം ആരംഭിച്ചത്. സമാപനത്തിൽ സീറോ മലബാർ ആന്തം ആലപിച്ചു.
രൂപതയ്ക്കകത്തും പുറത്തുംനിന്നുള്ള വൈദികരും വിവിധ കോൺഗ്രിഗേഷനുകളിൽനിന്നുള്ള സന്യാസിനിമാരും ധന്യന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.