ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി മുതിർന്ന നേതാവും കേന്ദ്ര ഗോത്രവർഗ ക്ഷേമമന്ത്രിയുമായ ജുവൽ ഓറം. പാർട്ടിയിലെ ചില നേതാക്കൾ തന്നെയാണ് തനിക്കെതിരെ കരുക്കൾ നീക്കുന്നതെന്നും തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചാൽ അത്തരക്കാരുടെ 'കൈവെട്ടു'മെന്നും അദ്ദേഹം പരസ്യമായി മുന്നറിയിപ്പ് നൽകി.
സ്വന്തം മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. ഒഡീഷയിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ ജുവൽ ഓറത്തിന്റെ പ്രസ്താവന ഭരണപക്ഷത്തിനുള്ളിലെ വലിയ വിഭാഗീയതയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.