കാഞ്ഞിരപ്പള്ളി: രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് ജൂബിലി മരിയൻ തീർഥാടനം നടത്തി.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രാവിലെ 9.30ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മരിയൻ തീർഥാടനത്തിൽ ലോറേഞ്ചിലെ എട്ട് ഫൊറോനകളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം മിഷൻലീഗ് കുട്ടികൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മിഷൻലീഗ് പതാക കൈമാറി ജപമാല റാലി ആരംഭിച്ചു.
സമാപനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ പഴയപള്ളിയിൽ തീർഥാടന സന്ദേശം നൽകി. വിശുദ്ധിയിൽ വളർന്ന്, മാതൃകാപരമായ ജീവിതത്തിലൂടെ ദൈവമാതാവിനെ അനുകരിക്കുന്നവരാകണം മിഷണറിമാരെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. തുടർന്ന് നേർച്ചഭക്ഷണത്തോടെ തീർഥാടനം സമാപിച്ചു.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, വിശ്വാസജീവിത പരിശീലന വിഭാഗം, ചെറുപുഷ്പ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളൻമനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, ഫാ. ജസ്റ്റിൻ മണിമല, ഫാ. ജിജോ വടക്കേകരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, ബ്രദർ ജീവൻ ഞള്ളിയിൽ, ഫൊറോനാ ഡയറക്ടർമാർ, വൈസ് ഡയറക്ടർമാർ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.