മുംബൈ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയാറാക്കുന്ന മഹാരാഷ്ട്ര സർക്കാർ സമിതിയിൽനിന്ന് ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.സി. ചവാൻ രാജിവച്ചു.
സമിതിയിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് രാജി. സുപ്രധാന വിഷയത്തിലെ ജനങ്ങളുടെ അഭിപ്രായമാരായുന്ന ചോദ്യാവലിയിൽ അതെ, അല്ല എന്ന് മാത്രമാണ് രേഖപ്പെടുത്താനാവുക. സങ്കീർണമായ സാമൂഹിക വിഷയങ്ങളെ കേവലം രണ്ട് ഉത്തരങ്ങളിലേക്ക് ചുരുക്കുന്നത് സമവായം രൂപവത്കരിക്കുക എന്ന സമിതിയുടെ പ്രാഥമിക ലക്ഷ്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം സമിതി അധ്യക്ഷ ജസ്റ്റീസ് രഞ്ജന ദേശായിക്ക് അയച്ച കത്തിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ സംസ്ഥാന സർക്കാർ ജൂലൈയിലാണു ജസ്റ്റീസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ചത്.
സമിതിയിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതും ചവാന്റെ അതൃപ്തിക്കു കാരണമായി. സമിതി യോഗങ്ങളിൽ ഗൗരവതരമായ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.