കൊച്ചി: ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയുടെ പ്രാധാന്യം ബിസിനസ് സമൂഹവും പൊതുജനങ്ങളും ഗൗരവമായി മനസിലാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥ് പറഞ്ഞു.
കേരള മാനേജ്മെന്റെ അസോസിയേഷന് സംഘടിപ്പിച്ച ‘ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് 2023, ഡിപിഡിപി ചട്ടങ്ങള്‍ 2025 എന്നിവയിലെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും പൊതുതാത്പര്യത്തിന്റെ പേരിലുള്ള വിവരാവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥ ഭാവിയില്‍ നിയമതര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ‘ഐ അഗ്രി’ എന്നതില്‍ എളുപ്പത്തില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്ന പ്രവണത അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു.ജോയ് തട്ടില്‍ സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.