Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JuvenileLaw

മാറുന്ന കൗമാരം, മാറേണ്ട നിയമങ്ങൾ! ജുവനൈൽ നിയമം പൊളിച്ചെഴുതേണ്ടതുണ്ടോ?

കോട്ടയം: നിരത്തുകളിലെ അശ്രദ്ധമായ ഡ്രൈവിംഗും ആഡംബര കാറുകളുടെ ചക്രങ്ങൾക്കടിയിൽ പൊലിഞ്ഞുപോകുന്ന ജീവനുകളും കേരളീയ സമൂഹത്തെ നിരന്തരം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ജുവനൈൽ പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കണമെന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം വരുന്നത്.

കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വർധനയും അവരുടെ മാനസിക പക്വതയും മുൻനിർത്തി നമ്മുടെ നിയമവ്യവസ്ഥയിൽ വലിയൊരു പൊളിച്ചെഴുത്ത് ആവശ്യമാണോ എന്ന ഗൗരവമേറിയ ചർച്ചയിലേക്കാണ് ഈ വിഷയം വിരൽ ചൂണ്ടുന്നത്.

മാറുന്ന കൗമാരവും ഡിജിറ്റൽ ലോകത്തിന്‍റെ സ്വാധീനവും

പഴയകാല കൗമാരക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ തലമുറ ശാരീരികമായും മാനസികമായും ഏറെ വേഗത്തിലാണ് വളരുന്നത്. വിരൽത്തുമ്പിലെ ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും ലോകത്തിന്‍റെ ഏത് കോണിലെ വിവരങ്ങളും നിമിഷനേരംകൊണ്ട് അവർക്ക് മുന്നിലെത്തിക്കുന്നു.

എന്നാൽ, ഈ വിവരസാങ്കേതികവിദ്യ നൽകുന്ന അറിവിനൊപ്പം വിവേകവും പക്വതയും അവരിൽ വളരുന്നുണ്ടോ എന്നതാണ് ചോദ്യം. റീൽസുകളിലെ സാഹസികതയും വേഗവും അനുകരിക്കാനുള്ള പ്രവണത, ഇൻസ്റ്റാഗ്രാം ലൈക്കുകൾക്ക് വേണ്ടിയുള്ള പാച്ചിൽ, യഥാർഥ ലോകത്തെയും വെർച്വൽ ലോകത്തെയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം എന്നിവ കൗമാരക്കാരെ ഗുരുതരമായ നിയമലംഘനങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു.

പ്രത്യേകിച്ച്, ലൈസൻസില്ലാതെ ആഡംബര കാറുകളും ബൈക്കുകളും ഓടിക്കുന്നത് ഇന്ന് ഒരു 'സ്റ്റാറ്റസ് സിംബൽ' ആയി കൗമാരക്കാർ കാണുന്നുണ്ട്. സ്പീഡോ മീറ്ററിൽ നൂറുകടക്കുന്ന വീഡിയോ സ്വയം ചിത്രീകരിച്ച് അത് റീൽ ആയി പങ്കുവച്ച് അതിനു ലഭിക്കുന്ന ലൈക്കുകളും കമന്‍റുകളും കണ്ട് സ്വയം അഭിമാനംകൊള്ളുകയാണ് അവർ. ഇത്തരം റീലുകൾ കൂടുതൽ കൗമാരക്കാരെ സമാനമായ രീതിയിൽ സാഹസിക ഡ്രൈവിംഗിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

നിയമം അറിയാമെങ്കിലും, പിടിക്കപ്പെട്ടാൽ തന്നെ ജുവനൈൽ നിയമത്തിന്‍റെ സംരക്ഷണത്തിൽ രക്ഷപ്പെടാം എന്ന തെറ്റായ ധാരണയും പലരിലുമുണ്ട്.

ജുവനൈൽ നിയമവും ഹൈക്കോടതിയുടെ ആശങ്കകളും

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

16 വയസ് എത്തുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ മാനസിക വളർച്ച കൈവരുന്നുണ്ടെന്നാണ് നിലവിലെ പ്രവണതകൾ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബര കാറിടിച്ച് നെടുമ്പാശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ നിലവിലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 18 വയസിന് താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 16നും 18നും ഇടയിൽ പ്രായമുള്ളവരുടെ മാനസിക നില പരിശോധിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും, കുറ്റകൃത്യങ്ങളുടെ തോത് വർധിച്ച സാഹചര്യത്തിൽ ഈ പ്രായപരിധി മൊത്തത്തിൽ പുനഃപരിശോധിക്കണമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസിലാക്കാനുള്ള ബുദ്ധിയും ശേഷിയും ഇന്നത്തെ കൗമാരക്കാർക്ക് 16 വയസിൽ തന്നെയുണ്ട്. അങ്ങനെയിരിക്കെ, ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രായത്തിന്‍റെ ആനുകൂല്യം നൽകി ശിക്ഷയിൽ ഇളവ് നൽകുന്നത് ഇരകളോട് ചെയ്യുന്ന നീതികേടാണെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും നിയമവിദഗ്ധർ വാദിക്കുന്നു.

എവിടെയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം?

ഈ വിഷയത്തിൽ ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടത് രക്ഷിതാക്കളുടെ പങ്ക് തന്നെയാണ്. മൈനർമാരായ മക്കൾക്ക് വാഹനങ്ങൾ എടുത്തുനൽകുന്നതും, അവരുടെ അമിത സ്വാതന്ത്ര്യത്തിന് കൂട്ടുനിൽക്കുന്നതും വലിയൊരു സാമൂഹിക വിപത്താണ്.

മക്കൾ എവിടെ പോകുന്നു, ആരുമായാണ് കൂട്ടുകൂടുന്നത്, എന്താണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ നിരീക്ഷണം നടത്താൻ പല രക്ഷിതാക്കളും പരാജയപ്പെടുന്നു. "എന്റെ കുട്ടി അതൊന്നും ചെയ്യില്ല" എന്ന അന്ധമായ വിശ്വാസവും, മക്കളുടെ തെറ്റുകളെ ന്യായീകരിക്കുന്ന പ്രവണതയും വലിയ ദുരന്തങ്ങളിലേക്കാണ് വഴിവയ്ക്കുന്നത്.

പല കേസുകളിലും യഥാർഥ പ്രതികൾ വണ്ടിയോടിച്ച കൗമാരക്കാരാണെങ്കിലും, അതിന് പരോക്ഷമായി കളമൊരുക്കിയത് അവരുടെ മാതാപിതാക്കളുടെ അശ്രദ്ധയോ ലാളനയോ ആണ്. അതിനാൽ, പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന ശിക്ഷാ നടപടികൾ ഉറപ്പാക്കേണ്ടതുണ്ട്.

നിയമം കൊണ്ട് മാത്രം പരിഹരിക്കാനാകുമോ?

ജുവനൈൽ പ്രായപരിധി കുറയ്ക്കുന്നത് കൊണ്ടു മാത്രം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. ഇവിടെ ബോധവൽക്കരണവും കർശന നിയമവ്യവസ്ഥയും ഒരുപോലെ കൈകോർക്കേണ്ടതുണ്ട്.

കൗമാര മനസിലെ ആവേശങ്ങളെയും ദേഷ്യത്തെയും നിയന്ത്രിക്കാൻ കുട്ടികൾക്ക് മാനസിക പിന്തുണയും കൗൺസിലിംഗും നൽകണം. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയാൻ സ്കൂൾ തലത്തിലും റോഡുകളിലും പൊലിസ് പരിശോധന ശക്തമാക്കണം. വാഹനങ്ങൾ നൽകുന്ന ഉടമകൾക്കും രക്ഷിതാക്കൾക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണം.

അശ്രദ്ധമായ ഡ്രൈവിംഗ് പ്രദർശിപ്പിക്കുന്ന റീൽസുകൾക്കും ദൃശ്യങ്ങൾക്കും എതിരെ സൈബർ പൊലിസിന്‍റെ കർശന നിരീക്ഷണം ഉണ്ടാകണം.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ അതേസമയം, നിയമത്തിന്‍റെ ശിക്ഷാനടപടികൾക്കപ്പുറം കുട്ടികളിൽ ധാർമിക ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്താൻ കുടുംബത്തിനും സമൂഹത്തിനും സാധിക്കണം.

ഒരു ജീവൻ നഷ്ടപ്പെട്ടതിനുശേഷം നിയമം നടപ്പിലാക്കുന്നതിനേക്കാൾ നല്ലത്, അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ്. ജുവനൈൽ നിയമത്തിലെ മാറ്റം കേവലം ഒരു ശിക്ഷാ നടപടി എന്നതിലുപരി, ഉത്തരവാദിത്തമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള തിരുത്തലാകേണ്ടതുണ്ട്.

 

 

 

Latest News

Corehub Up