കറുകച്ചാൽ: കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാട് മാടപ്പാട്ട് റെജിയുടെ മകൻ ജ്യോതിസ് മാത്യു (28) വിന്റെ മൃതദേഹമാണ് കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് മൃതദേഹം കണ്ടത്.
ഏതാനും ദിവസം മുൻപ് ജ്യോതിസ് കിണറിന് സമീപം നിൽക്കുന്നതുകണ്ട് പന്തികേടു തോന്നിയ നാട്ടുകാരും വ്യാപാരികളും യുവാവിനെ ഇവിടെനിന്നു മടക്കിയച്ചിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപത്തുകൂടെ ഇയാൾ നടന്നുപോകുന്നത് വ്യാപാരികളിൽ ചിലർ കണ്ടു. പിന്നീട് കിണറിന്റെ മുകൾഭാഗത്തെ ഗ്രില്ല് തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചിലർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽകോളജാശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷാന്റി.