കണ്ണൂര്‍: പ്രമാദമായ പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പദ്മരാജനു സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതില്‍ വിവാദം. ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണു നടപടി എന്നാണ് ആരോപണം.
കണ്ണൂര്‍ പാലത്തായിലെ 10 വയസുകാരിയെ മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തലശേരി അതിവേഗ പോക്സോ കോടതി കഴിഞ്ഞ നവംബര്‍ 15ന് ആര്‍എസ്എസ് ജില്ലാ നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂരിലെ കെ. പദ്മരാജനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പോക്സോ ആക്ട് പ്രകാരം 40 വര്‍ഷം (20 വര്‍ഷം കഠിനതടവ് അടക്കം) കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷ ലഭിച്ചശേഷം ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി മൂന്നിന് പദ്മരാജന്റെ സഹോദരി മരിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. എന്നാല്‍ ഇതിനുശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്ന് അധിക ദിവസങ്ങളുടെ പരോള്‍കൂടി നല്‍കുകയായിരുന്നു.
ഫെബ്രുവരി മൂന്നിനു ജയില്‍ വിട്ടിറങ്ങിയ പദ്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല. മരണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ജയില്‍ സൂപ്രണ്ടിനു പരമാവധി 10 ദിവസവും സര്‍ക്കാര്‍ അഞ്ച് ദിവസം കൂടിയും അധികമായി നല്‍കാം. ഈ ചട്ടം ലംഘിച്ചാണ് ഇത്തവണ നടപടിയെന്ന് ആരോപിക്കപ്പെടുന്നു. തന്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന പദ്മരാജന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇത് സ്വാഭാവികമായ അടിയന്തര പരോളാണെന്നും തടവുകാരന്റെ അടിയന്തര അപേക്ഷ പരിഗണിച്ചുള്ള നടപടിയാണെന്നുമാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പാലത്തായി പോക്സോ കേസ് ആദ്യം മുതല്‍ രാഷ്ട്രീയ വിവാദം നിറഞ്ഞതായിരുന്നു.