ഏറ്റുമാനൂർ: സംസ്ഥാനത്തെ സർവീസ് സംഘടനാ രംഗത്തെ അതികായനാണ് കഴിഞ്ഞ ദിവസം അന്തരിച്ച എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അതിരമ്പുഴ കിടങ്ങയിൽ കളപ്പുരയ്ക്കൽ കെ.ജെ. ജോർജ്. കരുണാകരൻപിള്ള പ്രസിഡന്റും കെ.ജെ. ജോർജ് വൈസ് പ്രസിഡന്റുമായിരുന്ന കാലഘട്ടമായിരുന്നു എൻജിഒ അസോസിയേഷന്റെ പ്രതാപകാലം.
അപ്പുണ്ണിനായർ പ്രസിഡന്റായിരിക്കെ എൻജിഒ അസോസിയേഷനിലുണ്ടായ പിളർപ്പിൽ അപ്പുണ്ണി നായർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ എല്ലാവരുംതന്നെ കോൺഗ്രസിലെ എ വിഭാഗത്തോടൊപ്പം നിന്നപ്പോൾ കരുണാകരൻ പിള്ളയും കെ.ജെ. ജോർജും കെ. കരുണാകരനൊപ്പം നിന്നു. കെ.ജെ. ജോർജിന്റെ സംഘടനാ പാടവവും പ്രവർത്തകർക്കിടയിലെ സ്വാധീനവുമാണ് കരുണാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള എൻജിഒ അസോസിയേഷനെ സംസ്ഥാനത്തെ പ്രബല സർവീസ് സംഘടനയാക്കിയത്.
കെ. കരുണാകരനുമായി കെ.ജെ. ജോർജിന് ഏറെ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. എൻജിഒ അസോസിയേഷന്റെ സമ്മേളനങ്ങളിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ ജോർജ് എവിടെയെന്ന് കെ. കരുണാകരൻ തിരക്കുമായിരുന്നു. കെ. കരുണാകരനുമായുള്ള അടുപ്പവും സ്വാതന്ത്ര്യവും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കായി അദ്ദേഹം പ്രയോജനപ്പെടുത്തിയില്ല.
സർവേ വകുപ്പിൽനിന്ന് വിരമിച്ചശേഷം കെ.ജെ. ജോർജ് പ്രാദേശിക കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റും അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.കെ.ജെ. ജോർജിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും.