മാനന്തവാടി: സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്.
ഇയാൾക്കെതിരേ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ മാനന്തവാടി, വെള്ളമുണ്ട പൊലിസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, ലഹരിക്കടത്ത്, അബ്കാരി തുടങ്ങി 10 ഓളം കേസുകളുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഇയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നു ആറു മാസത്തേക്കാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡിഐജി കെ. കാർത്തികിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.