തിരുവനന്തപുരം: ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച 'കേര' പദ്ധതിയുടെ ഭാഗമായുള്ള കർഷക ഉൽപ്പാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടിവ് അലയൻസ്) അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി നീട്ടി.
താല്പര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും 2026 ജനുവരി 31 വരെ ഇപ്പോൾ അപേക്ഷകൾ നൽകാവുന്നതാണ്.
പ്രമുഖ കമ്പനികളുമായി സഹകരിച്ച് പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഡിസംബർ 31-ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി പ്രോജക്ട് ഡയറക്ടർ ദീർഘിപ്പിച്ചത്.
കുറഞ്ഞത് 10 കോടി രൂപ വാർഷിക വിറ്റുവരവുള്ള കാർഷിക-കാർഷികേതര കമ്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവർക്ക് ഈ സംരംഭത്തിൽ പങ്കാളികളാകാം.
ഇതിനുപുറമെ, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും അവസരമുണ്ട്.
ഇത്തരത്തിൽ അപേക്ഷിക്കുന്ന എഫ്പിഒകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും 200 അംഗങ്ങളും പത്ത് ലക്ഷം രൂപയുടെ വാർഷിക വിറ്റുവരവും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി 9037824038 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.