തിരുവനന്തപുരം: അത്യാധുനിക ജനിതക സാങ്കേതിക വിദ്യയും രോഗനിർണയ സൗകര്യങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി കിംസ് ഹെൽത്ത് ജീനോമിക്സ് ലബോറട്ടറി വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി കിംസ് ഹെൽത്തിൽ ഉദ്ഘാടനം ചെയ്തു.
രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും കൃത്യമായ രോഗനിർണയത്തിനും കൂടുതൽ വ്യക്തിഗതമായ ചികിത്സ ഉറപ്പാക്കി ജനിതക ആരോഗ്യ സംരക്ഷണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് ഈ കേന്ദ്രം വഴിതുറക്കുന്നത്. കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ -3 ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി മുഖ്യപ്രഭാഷണം നടത്തി.
നൂതനമായ വൈദ്യശാസ്ത്ര സൗകര്യങ്ങളും ചികിത്സകളും എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതുമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.കിംസ് ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ്, ക്ലിനിക്കൽ ജനറ്റിക്സ് ആൻഡ് പ്രിസിഷൻ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റോഷൻ ഡാനിയൽ, കിംസ് ഹെൽത്ത് ക്ലിനിക്കൽ സർവീസസ് ഡയറക്ടർ ഡോ. ബി. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.