രാഷ്ട്രീയ പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കാരണം കോൺഗ്രസ് വിട്ടുപോയവരെ തിരികെ വിളിക്കുകയും മറ്റ് പാർട്ടികളിൽനിന്ന് അസംതൃപ്തരായി മടങ്ങിവരുന്നവർക്ക് വാതിൽ തുറന്നിടുകയും ചെയ്യുന്ന തുറന്ന മനസ് കോൺഗ്രസ് നേതൃത്വം വീണ്ടും പ്രകടമാക്കുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവയ്ക്കുകയും കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകുകയും ചെയ്തതോടെ ഈ വിഷയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ ഏകദേശം രണ്ടര വർഷത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് നൽകിയത്. ബിജെപിയിൽ ചേർന്നത് ആശയങ്ങൾ ശരിയായി പഠിക്കാതെ എടുത്ത തീരുമാനമായിരുന്നുവെന്നും ആ തെറ്റ് തിരുത്തുകയാണെന്നുമാണ് അവർ വ്യക്തമാക്കിയത്.
ബിജെപിയുടെ ആശയങ്ങളുമായി തന്റേത് ചേരില്ലെന്ന് നേരത്തെ തന്നെ മനസിലായിരുന്നുവെന്നും കോൺഗ്രസ് പാരമ്പര്യത്തിൽ വളർന്ന തനിക്ക് മറ്റൊരു പ്രസ്ഥാനവുമായി പൂർണമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നും പത്മജ പറഞ്ഞു. അനിൽ ആന്റണി ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹവും അവർ പങ്കുവച്ചു.
ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത് ശ്രദ്ധേയമായി. സഹോദരനും മന്ത്രിയുമായ കെ. മുരളീധരനും മടക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, പാർട്ടി വിട്ടുപോയവരെ തിരികെ സ്വീകരിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും എതിർപ്പ് ഉയർത്തുന്നുണ്ട്. കാലങ്ങളായി പാർട്ടിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുന്നവരുടെ വികാരങ്ങളും പരിഗണിക്കണമെന്ന അഭിപ്രായവും സജീവമാണ്. കോണ്ഗ്രസ് നേതാക്കളിൽ ചിലരും പത്മജയ്ക്കെതിരെ വിമര്ശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന് എക്കാലത്തുമുള്ള ഒരു സവിശേഷതയാണ് ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം. വ്യത്യസ്ത കാലഘട്ടങ്ങളിലായി പാർട്ടി വിട്ടുപോയി പിന്നീട് സ്വന്തം തട്ടകത്തിലേക്ക് മടങ്ങിവന്ന നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും കേരളത്തിലുണ്ട്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ഡിഐസി (കെ) രൂപീകരിച്ച് മാറിനിന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിവന്നത് കേരള രാഷ്ട്രീയത്തിലെ നിർണായക തിരിച്ചുവരവായിരുന്നു. പിതാവിനൊപ്പം ഡിഐസി (കെ) രൂപീകരണത്തിലും പിന്നീട് എൻസിപിയിലേക്കുള്ള മാറ്റത്തിലും പങ്കാളിയായ കെ. മുരളീധരൻ, കാലക്രമേണ കോൺഗ്രസിലേക്ക് തിരിച്ചെത്തി പാർട്ടിയുടെയും യുഡിഎഫിന്റെയും പ്രധാന മുഖമായി മാറി.
സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളോ തെരഞ്ഞെടുപ്പ് സീറ്റുകളെ ചൊല്ലിയുള്ള പിണക്കങ്ങളോ കാരണം മാറിനിന്ന പല നേതാക്കളും പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയിട്ടുണ്ട്. മറ്റു പാർട്ടികളിലേക്ക് മാറിയ പലരും അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ വരുമ്പോൾ തിരികെ വരുന്നത് പതിവ് കാഴ്ചയാണ്.
സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണങ്ങിപ്പോയവരെയും മറ്റ് പാർട്ടികളിൽ അവഗണിക്കപ്പെടുന്നവരെയും തിരികെ വിളിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നത്. അതേസമയം, പാർട്ടി വിട്ടുപോയവരെ തിരികെ സ്വീകരിക്കുമ്പോൾ നിലവിലുള്ള നേതാക്കളുടെയും അണികളുടെയും വികാരങ്ങൾ ഏകോപിപ്പിക്കുക എന്നതും പദവികളെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കുക എന്നതും നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
പത്മജ വേണുഗോപാലിന്റെ രാജി ഔദ്യോഗിക മടങ്ങിവരവിലേക്ക് എത്തുമോ എന്നും, വരും ദിവസങ്ങളിൽ മറ്റ് നേതാക്കളും സമാനമായ പാത പിന്തുടരുമോ എന്നുമാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.