തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന് നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.