കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപനനയരൂപീകരണ വേദിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢമായ തുടക്കം. സെന്റ് സേവ്യേഴ്സ് കോളജിൽ നടന്ന പരിപാടികൾ ആത്മീയ-സാമൂഹിക-സാംസ്കാരിക സംഗമമായി മാറി.
ഇന്നലെ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കോഴിക്കോട് ആർച്ച്ബിഷപ്പും കെആർഎൽസിസി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു.
തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര ബിഷപ് ഡോ. ഡി. സെൽവരാജ്"ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം പറഞ്ഞു.
മന്ത്രിസഭയിൽ തഴഞ്ഞതിൽ അമർഷവും നിരാശയും
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, ലത്തീൻ സഭയുടെ അർഹമായ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടിയിൽനിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണായക പങ്കുവഹിച്ചവരാണ് ലത്തീൻ കത്തോലിക്കരെന്ന് കെആർഎൽസിസി നേതാക്കളും ചൂണ്ടിക്കാട്ടി. അധികാരത്തിൽ അർഹവും നീതിപൂർവകവുമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത മെത്രാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.