കണ്ണൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് കെ. ശ്രീകാന്ത് നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. ടി.ഒ. മോഹനൻ എംഎൽഎ നൽകിയ പരാതിയിലാണ് കേസ്.
കണ്ണൂർ ടൗണിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയെ തെരുവുനായയായി ചിത്രീകരിച്ചും പ്രസംഗത്തിൽ ഉടനീളം കോൺഗ്രസ് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിനും കോൺഗ്രസ് പ്രവർത്തകരെയും ബിജെപി പ്രവർത്തകരേയും പരസ്പരം പ്രകോപിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി.
വ്യക്തിപരമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ പൊതുജീവിതത്തെയും രാഷ്ട്രീയ വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തിലെ മാന്യതയ്ക്കും ഉത്തരവാദിത്തബോധത്തിനും നിരക്കാത്തതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.