പുല്‍പ്പള്ളി: മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയും മദ്യലഹരി വിമുക്ത സമിതി മാനന്തവാടി രൂപതയും ടീച്ചേഴ്സ് ഗിള്‍ഡ് മാനന്തവാടി രൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ മാസാചരണ പരിപാടിയായ ബിയോണ്ട് ദ ബസ്സിന്റെ ഭാഗമായി നിര്‍മല ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ടൗണില്‍ ലഹരി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു.
നാളേയ്ക്ക് ഭീഷണിയാകുന്ന ലഹരിക്കെതിരേ നാടും സമൂഹവും ഒരുമിച്ച് നില്‍ക്കണമെന്ന് ലഹരിവിരുദ്ധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം ലിബിന് ദിലീപ് പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നിര്‍മല ഹൈസ്കൂള്‍ കബനിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഒരു നല്ല മാതൃകയാണെന്ന് ലഹരി വിരുദ്ധ സന്ദേശം നല്കി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ പറഞ്ഞു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ലഹരി വിരുദ്ധ സായാഹ്ന സദസില്‍ മുഖ്യ സന്ദേശം നല്കി. കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകളുടെ പ്രദര്‍ശനം എന്നിവയും സായാഹ്ന സദസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന ഗവര്‍ണമെന്റ് നടപ്പാക്കുന്ന തൂഫാന് പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഗോളടിച്ച് സമ്മാനം നേടുക എന്ന പരിപാടിയും സംഘടിപ്പിച്ചു. നിരവധി ആളുകള്‍ ഗോളടിച്ച് പരിപാടിയുടെ ഭാഗമായി. സ്കൂള്‍ ഹെഡ്മാസ്റ്റര് എ.ടി. ഷാജി അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, ടെജിന്‍, ജോമറ്റ് മാത്യു, വിദ്യ, തുടങ്ങിയവര്‍ നേതൃത്വം നല്കി.