ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നര്‍മദ നദിയുടെ നടുവിലുള്ള ഒരു തുരുത്തില് സ്ഥിതിചെയ്യുന്ന അതിപുരാതനമായ വടവൃക്ഷസമുച്ചയമാണ് കബീര്വഡ്. ഒരു സാധാരണ ആല്‍മരത്തില്‍നിന്ന് പടര്‍ന്നുപന്തലിച്ച് വലിയൊരു വൃക്ഷക്കൂട്ടമായി പന്തലിച്ച കബീര്വഡ് ഗുജറാത്തിലെ ശ്രദ്ധേയമായ പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാന കവിയും സന്യാസിയുമായിരുന്ന സന്ത് കബീര്ദാസുമായി ഈ സ്ഥലം ചരിത്രപരമായും ഐതിഹ്യപരമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രദേശത്തിന് ഇത്തരത്തിൽ പേരു ലഭിക്കുന്നതും അങ്ങനെയാണ്. കബീറിന്റെ പേരിനൊപ്പം പേരാലിനെ സൂചിപ്പിക്കുന്ന ഗുജറാത്തി പദമായ ‘വഡ്’ എന്നതും ചേര്‍ന്നാണ് കബീര്വഡ് എന്ന പേര് രൂപപ്പെട്ടത്.
15-ാം നൂറ്റാണ്ടില്‍ ഭാരതപര്യടനത്തിനിടയില്‍ കബീര്‍ദാസ് നര്മദാതീരത്തെ ഈ തുരുത്തില് ധ്യാനമിരുന്നതായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം പല്ല് തേയ്ക്കാനുപയോഗിച്ച ആല്‍ക്കൊമ്പ് നിലത്തു കുത്തിനിര്ത്തിയതില്നിന്നാണ് കൂറ്റന്‍ പേരാല്‍ മുളച്ചു പന്തലിച്ചതെന്നാണ് ഐതിഹ്യം.ജീവ, തത്വ എന്നീ രണ്ട് ഭക്തരായ സഹോദരന്മാര് നട്ട ഉണങ്ങിയ കമ്പില്‍ കബീറിന്റെ സ്പര്ശനംകൊണ്ട് ജീവന് വച്ചതാണെന്ന് മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ നാവിക മേധാവിയായിരുന്ന നിയാര്‍ക്കസ് നര്‍മദാ തീരത്ത് 7,000 ജനങ്ങള്‍ക്ക് തണല്‍ നല്കാന് പര്യാപ്തമായ കൂറ്റന്‍ വൃക്ഷത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് എഴുത്തുകാരനായ ജെയിംസ് ഫോര്‍ബ്സ് തന്റെ ‘ഓറിയന്റല്‍ മെമോസ്’ (1813) എന്ന പുസ്തകത്തില്‍ മൂവായിരത്തിലധികം ശാഖാവേരുകളുള്ള ഈ അദ്ഭുതമരത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കബീര്വഡിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വലുപ്പം തന്നെയാണ്. 4.3 ഏക്കറിലധികം പന്തലിച്ചുനിൽക്കുന്ന ഒരൊറ്റ മരമാണിത്. ആ മരത്തിന്റെ താങ്ങുവേരുകള്‍ പടര്‍ന്ന് പുതിയ തായ്ത്തടികള് പോലെയായി വലിയ വനംപോലെ കാണപ്പെടുന്നു. യഥാര്‍ഥ തായ്ത്തടി ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് കബീര്വഡ് നിലകൊള്ളുന്നത്.
കബീര്വഡിന്റെ മറ്റൊരു പ്രത്യേകത, അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. നര്‍മദ നദിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തേക്ക് ബോട്ടിലാണ് സാധാരണയായി എത്തുന്നത്. നദിയുടെ വിശാലമായ ജലപ്പരപ്പും അതിനിടയിലെ പച്ചപ്പും ഭീമാകാരമായ ആല്‍മരവും ചേര്‍ന്ന കാഴ്ച സഞ്ചാരികള്‍ക്ക് അപൂര്‍വ അനുഭവമാണ്. കബീറിന്റെ ചിന്തകളില്‍ പ്രകൃതിക്കും മനുഷ്യനും ആത്മീയതയ്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കബീറുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന സ്ഥലങ്ങള്‍ ഭക്തരെയും ചരിത്രാന്വേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
കബീര്വഡിനെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ചിലത് കബീറിന്റെ അദ്ഭുതങ്ങളുമായി ബന്ധപ്പെട്ടതാവുമ്പോള്‍, മറ്റു ചിലത് മരത്തിന്റെ അസാധാരണ വലുപ്പത്തെക്കുറിച്ചുള്ള പ്രാദേശിക വിശ്വാസങ്ങളാണ്. ചരിത്രവും വിശ്വാസവും പ്രകൃതിയും ഇഴുകിച്ചേരുന്ന ഈ പച്ചത്തുരുത്ത്, ഗുജറാത്തിലെ അധികം അറിയപ്പെടാത്ത ഒരു പ്രദേശംകൂടിയാണ്.