കൊല്ലം: ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ കടമ്പാട്ടുകോണത്തു നിന്നു തുടങ്ങുന്ന ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കായി (ദേശീയപാത744) ജില്ലയില്‍ നിന്ന് 55 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കും. പുളിയറ ഇടമണ്‍ റീച്ചിലെ മിക്ക സ്ഥലവും വനപ്രദേശവും തോട്ടം മേഖലയുമാണ്. 41.19 ഹെക്ടര്‍ ഭൂമി വനഭൂമി ഈ പ്രദേശത്ത് നിന്ന് ഏറ്റെടുക്കും. ഇടമണ്‍ കടമ്പാട്ടുകോണം റീച്ചിന് 13.81 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കും.
അയിരനല്ലൂര്‍, ഇടമണ്‍, ഏരൂര്‍, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് പാത വനത്തിലൂടെ കടന്നുപോകുന്നത്. കൂടുതല്‍ ആഘാതമുണ്ടാക്കുന്ന ആദ്യ അലൈന്മെന്റ് വനംവകുപ്പ് അംഗീകരിരുന്നില്ല. ആര്യങ്കാവില്‍ നിന്നു ചെങ്കോട്ടയിലേക്കു പാത കടന്നുപോകുന്നതു റെയില്‍ പാതയുടെ ഇടതുവശത്തു കൂടിയാണ്. വനത്തിന്റെ അരികിലൂടെ പോകുന്ന വിധത്തില്‍ പരിഷ്കരിക്കണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് റെയില്‍പാതയ്ക്ക് സമാന്തരമായി ഇടതുവശത്തുകൂടി അലൈന്മെന്റ് നിശ്ചയിച്ചത്.
കൊല്ലം -ചെങ്കോട്ട (കടമ്പാട്ടുകോണം -ആര്യങ്കാവ്) ഗ്രീന്‍ഫീല്‍ഡ് പാതയുടെ (744)ഡിപിആര്‍ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുകയും നിര്‍മാണച്ചെലവും ഉള്‍പ്പെടെ ഏകദേശം 20,000 കോടി രൂപയുടെ ചെലവാണ് ഡിപിആറില്‍ (വിശദ പ്രോജക്ട് റിപ്പോര്‍ട്ട്) കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു ശേഷമാകും ഇതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അംഗീകാരം നല്‍കുക.
ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നല്‍കുന്നതിന് 25ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന നിര്‍ദേശം നേരത്തെ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം തേടുമെന്നാണ് സൂചന. പുതിയ സര്‍ക്കാര്‍ വന്നശേഷം ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടില്ല. ഈ യോഗത്തില്‍ നഷ്ടപരിഹാരത്തുകയുടെ 25ശതമാനം നല്‍കണോ എന്നതും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.
കൊല്ലം - ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത കടമ്പോട്ടുകോണം - ഇടമണ്‍, ഇടമണ്‍ - ആര്യങ്കാവ്, ആര്യങ്കാവ് - തമിഴ്നാട് (രണ്ടു കിലോ മീറ്റര്‍)എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് നിര്‍മിക്കുന്നത്. കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുതല്‍ തമിഴ്നാട്ടിലെ പുളിയറ വരെ 61.8 കിലോമീറ്റര്‍ ദൂരവും രണ്ടും മൂന്നും റീച്ചുകളിലാണ് ഇത് ഉള്‍പ്പെടുന്നത്. തമിഴ്നാട്ടിലെ രാജപാളയം മുതല്‍ ആര്യങ്കാവില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെയുള്ള പുളിയറ വരെയാണ് ഒന്നാമത്തെ റീച്ച്.
പുളിയറ മുതല്‍ കേരളത്തിലെ ഇടമണ്‍ വരെ രണ്ടാം റീച്ചും (22.9 കിലോമീറ്റര്‍), ഇടമണ്‍ കടമ്പാട്ടുകോണം മൂന്നാം റീച്ചും (38.9 കിലോമീറ്റര്‍) ആണ്.ഇതില്‍ 18 കിലോമീറ്റര്‍ വനവും 10.5 കിലോമീറ്റര്‍ ടണലുമാണ്. ജനവാസമുള്ളത് രണ്ട് കിലോമീറ്ററില്‍ മാത്രം. 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടമണ്‍ ആര്യങ്കാവ് റീച്ചിലാണ് വനപ്രദേശം കൂടുതല്‍. കൊല്ലം -ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാതയുടെ പ്രോജക്ട് ഡയറക്ടറുടെ ഓഫീസ് കരുനാഗപ്പള്ളിയിലുള്ള നിലവിലെ എന്‍എച്ച് 66 ഓഫീസാണ്. എന്‍എച്ച് 66 നവീകരണം പൂര്‍ത്തീകരിക്കുമ്പോള്‍ ഓഫീസ് കൊല്ലത്തേക്ക് മാറ്റും.
13 വില്ലേജുകള്‍
തിരുവനന്തപുരം ജില്ലയില്‍ നാലും കൊല്ലം ജില്ലയില്‍ ഒന്‍പതും വില്ലേജുകളിലൂടെ ആണ് പാത കടന്നു പോകുന്നത്. കൊല്ലം ജില്ലയില്‍ നിലമേല്‍, ചടയമംഗലം, ഇട്ടിവ, അലയമണ്‍, അഞ്ചല്‍, ഏരൂര്‍, കോട്ടുക്കല്‍, അയിരനല്ലൂര്‍, ഇടമണ്‍ വില്ലേജുകളും തിരുവനന്തപുരം ജില്ലയില്‍ നാവായിക്കുളം, കുടവൂര്‍, പള്ളിക്കല്‍, മടവൂര്‍ വില്ലേജുകളിലുടെയാണ് പാത കടന്നു പോകുന്നത്. നാലുവരിയായി നിര്‍മിക്കുന്ന പാതയില്‍ ചില സ്ഥലങ്ങളില്‍ മാത്രമേ സര്‍വീസ് റോഡ് ഉണ്ടാവുകയുള്ളു. പല ഭാഗങ്ങളും ജനവാസ മേഖലയല്ല. വനമേഖലയില്‍ വാഹനങ്ങള്‍ക്ക് വേഗ നിയന്ത്രണവും ശബ്ദ നിയന്ത്രണവും ഉണ്ടാകും. പ്രോജക്ട് അപ്രൈസല്‍ ടെക്നിക്കല്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു തീരുമാനം എടുക്കുന്നത്.
46 സ്ഥലങ്ങളില്‍ ഉയരപ്പാത
പുളിയറ - കടമ്പാട്ടുകോണം മേഖലയില്‍ 46 വയഡക്ടുകളും (കോണ്‍ക്രീറ്റ് തൂണുകളിലെ ഉയരപ്പാത) 142 കലുങ്കുകളും നിര്‍മിക്കും. 12 പാലങ്ങള്‍ ഉണ്ടാകും. പുളിയറ - ഇടമണ്‍ മേഖലയില്‍ വന്യമൃഗങ്ങളുടെ വഴിത്താരകളില്‍ മുന്നു സ്ഥലത്ത് വയഡക്ട് കം അനിമല്‍ അണ്ടര്‍പാസ് ഉണ്ടാകും.
ചെങ്കോട്ട - ഇടമണ്‍ റീച്ചില്‍ മൂന്നു ചെറിയപാലങ്ങളും 33 കലുങ്കുകളും ഉണ്ടാകും. ഇടമണ്‍ - കടമ്പാട്ടുകോണം റീച്ചില്‍ ഒരു വലിയപാലവും എട്ടു ചെറുപാലങ്ങളും 109 കലുങ്കുകളും 26 ഉയരപ്പാതകളും ഉണ്ടാകും. എംസി റോഡില്‍ ചടയമംഗലം നെട്ടയത്തറ, മലയോര ഹൈവേയില്‍ ഏരൂര്‍ പത്തടി വഴിയാണ് കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ ഇടമണില്‍ ചെന്നു ചേരുക.
വരുന്നത് ഏറ്റവും വലിയ തുരങ്കപാത
ഏറ്റവും വലിയ തുരങ്കപാതയാണ് ജില്ലയിലെ തെന്മലയ്ക്കും ആര്യങ്കാവിനും ഇടയില്‍ നിർമിക്കുന്നത്. കോട്ടവാസല്‍, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല മലകളിലായി നാലു തുരങ്കപ്പാത നിര്‍മിക്കും. 3.7 കിലോമീറ്റര്‍ നീളമുള്ളതായിരിക്കും വലിയ തുരങ്കം. 3.2 കിലോമീറ്റര്‍ വീതം രണ്ടു തുരങ്കങ്ങളും 400 മീറ്റര്‍ നീളത്തില്‍ ഒരു തുരങ്കവും ഉണ്ടാകും. ആകെ 10.5 കിലോമീറ്റര്‍ നീളത്തിലാകും തുരങ്കപ്പാത. നിലവില്‍ തൃശൂര്‍- പാലക്കാട് റൂട്ടിലെ കുതിരാനാണ് ഏറ്റവും വലിയ തുരങ്കം. പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്ന് ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപത്ത് കൊല്ലം- ചെങ്കോട്ട റെയില്‍പാത മുറിച്ചുകടന്ന ശേഷമാണ് തുരങ്കങ്ങള്‍ വരുന്നത്.
നഷ്്ടപരിഹാര തുക ലഭിച്ചില്ല
ഗ്രീന്‍ ഫീല്‍ഡ് പാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി സമരം നടത്തിയും ഓഫീസ് കയറിയിറങ്ങിയും ഭൂവുടമകള്‍ കുഴഞ്ഞു. 2024ല്‍ വിലനിര്‍ണയം പൂര്‍ത്തിയായവര്‍ക്കു പോലും നഷ്ടപരിഹാര തുക ലഭിച്ചില്ല. 2022 നവംബര്‍ ഒന്‍പതിന് ആയിരുന്നു ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ വിജ്ഞാപനം.
പിന്നീട് ഭൂരിഭാഗം സ്ഥലത്തും ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള 3ഡി വിജ്ഞാപനവും ഇറങ്ങി. ഇതേ തുടര്‍ന്നു മുഴുവന്‍ രേഖകളും ബന്ധപ്പെട്ട ഓഫീസുകളില്‍ ഭൂവുടകള്‍ സമര്‍പ്പിച്ചു. നിലമേല്‍ വില്ലേജിലെ 93, ഇട്ടിവയില്‍ 94 പേര്‍ക്കും വിലനിര്‍ണയം പൂര്‍ത്തിയാക്കി 2024 നവംബറില്‍ ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നു ദേശീയപാത അഥോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതുവരെ പണം ലഭിച്ചിട്ടില്ല. മറ്റുള്ളവരും നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ്.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം വന്നതോടെ വസ്തു കൈമാറ്റം ചെയ്യാനോ, പണയപ്പെടുത്താനോ കഴിയാതെയായി. വീടു നിര്‍മാണവും അറ്റകുറ്റപ്പണികളും നിലച്ചു. നിശ്ചയിച്ചിരുന്ന വിവാഹം പോലും ഇതുകാരണം മുടങ്ങി. കുട്ടികളുടെ പഠനത്തിന് വായ്പ എടുക്കാന്‍ പോലും കഴിയാതെ ഭൂവുടമകള്‍ വലയുന്നു.
പലതവണ സമരം നടത്തുകയും നിവേദനം നല്‍കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. അതേ സമയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇനിയും പൂര്‍ത്തിയായിട്ടില്ല.