തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരായ എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും എംപി പെൻഷനൊപ്പം മന്ത്രിയുടെ ശന്പളവും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ.
നിയമം ലംഘിച്ച് ഇരുവരും അധികമായി കൈപ്പറ്റിയ തുക അടിയന്തരമായി തിരികെപ്പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ, സംസ്ഥാന പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.
1954ലെ പാർലമെന്റ് അംഗങ്ങളുടെ ശന്പളം, അലവൻസ്, പെൻഷൻ നിയമപ്രകാരം ഒരാൾ മന്ത്രി എന്ന നിലയിൽ ശന്പളം കൈപ്പറ്റുന്പോൾ എംപി പെൻഷൻ തുകയിൽ കുറവു വരുത്തണം. അതായത്, എംപി പെൻഷൻ കുറച്ചുള്ള തുകയാണു ശന്പളമായി വാങ്ങേണ്ടത്.
എന്നാൽ ആദ്യം സ്പീക്കറും പിന്നീട് മന്ത്രിയുമായ എം.ബി. രാജേഷും 2023ൽ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രനും ചട്ടം ലംഘിച്ചു രണ്ടു തുകയും കൈപ്പറ്റിയതായാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2022 മുതൽ 24 വരെയുള്ള രണ്ടു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇരുവരും എംപിമാരെന്ന നിലയിലുള്ള പെൻഷൻ തുക കുറയ്ക്കാതെ ശന്പളം കൈപ്പറ്റുന്നതു നിയമവിരുദ്ധമാണ്.
പാർലമെന്ററി റെസിജ്യൂറി പെൻഷൻ എത്രയാണെന്നും അതു മന്ത്രിമാരുടെ ശന്പളത്തിൽ നിന്ന് എത്രത്തോളം കുറയ്ക്കണമെന്നും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനും പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടവിരുദ്ധമായി കൈപ്പറ്റിയ തുക കണക്കാക്കി അത് ഖജനാവിലേക്ക് തിരികെ അടപ്പിക്കാനാണ് എജിയുടെ നിർദേശം. എംപിമാരായിരുന്ന കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നീ മന്ത്രിമാരുടെ കാര്യത്തിൽ അധികതുക കൈപ്പറ്റിയതായി കണ്ടെത്തൽ ഇല്ല.
മന്ത്രിമാരുടെ പെൻഷൻ വിവാദത്തിന് പുറമെ പൊതുഭരണ വകുപ്പിലെ മറ്റ് ചില അപാകതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിൽ കോടികൾ മുടക്കി സ്ഥാപിച്ച അക്സസ് കണ്ട്രോൾ സംവിധാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ജീവനക്കാരുടെ ജോലിസമയം കൃത്യമായി വിലയിരുത്താനും കാര്യക്ഷമത വർധിപ്പിക്കാനും 1.95 കോടി രൂപ മുടക്കി സ്ഥാപിച്ച അക്സസ് കണ്ട്രോൾ സംവിധാനം വെറുതെ കിടക്കുന്നു. ഇത് കൃത്യമായി പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ ജോലിസമയം ജീവനക്കാർ ഓഫീസിനു പുറത്തു കറങ്ങി നടക്കുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കത്ത് നൽകിയതായി എം.ബി. രാജേഷ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കറായ ശേഷം 2022 ജനുവരി 10ന് ലോക്സഭാ സെക്രട്ടറി ജനറലിന് സ്പീക്കർ എന്നനിലയിൽ ശന്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചതായും അതു കുറച്ച് പെൻഷൻ നിയമപ്രകാരം പുനർനിശ്ചയിക്കണമെന്നറിയിച്ച് കത്തയച്ചിരുന്നതായും മന്ത്രി എം.ബി. രാജേഷ് സമൂഹമാധ്യമത്തിൽ വിശദീകരിച്ചു.
ഏതാനും മാസം അധികമായി അക്കൗണ്ടിലേക്ക് ലോക്സഭാ സെക്രട്ടേറിയറ്റിൽനിന്ന് അയച്ച തുക തിരിച്ചു പിടിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യം ആവർത്തിച്ച് 2023ൽ വീണ്ടും ലോക്സഭാ സെക്രട്ടേറിയറ്റിന് കത്തു നൽകിയെന്നും രാജേഷിന്റെ പോസ്റ്റിൽ പറയുന്നു.