കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് പൊടിപാറും. ഹാട്രിക് വിജയപ്രതീക്ഷയുമായാണു കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ കളത്തിലിറങ്ങിയിരിക്കുന്നത്. അതേസമയം, തുടർച്ചയായി രണ്ടുതവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മുൻ മേയറായ കോൺഗ്രസിലെ ടി.ഒ. മോഹനനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്.
സി. രഘുനാഥിലൂടെ വിജയത്തിൽ കുറഞ്ഞൊന്നും എൻഡിഎ പ്രതീക്ഷിക്കുന്നില്ല. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി കണ്ണൂർ മാറിക്കഴിഞ്ഞു. കോൺഗ്രസ് പാരന്പര്യത്തിലൂടെ വളർന്ന് വ്യത്യസ്ത മുന്നണികളിലെത്തിയവരാണ് ഏറ്റുമുട്ടുന്നതെന്ന സവിശേഷതയും കണ്ണൂരിനുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ 1971ൽ സിപിഎമ്മിലെ ഇ.കെ. നായനാരെ പരാജയപ്പെടുത്തി പാർലമെന്റിലെത്തിയ യുവതുർക്കിയായിരുന്നു കടന്നപ്പള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സി. രഘുനാഥ്. കണ്ണൂർ കോർപറേഷൻ മുൻ മേയറായി കണ്ണൂരുകാർക്ക് ഏറെ പരിചിതനായ ടി. ഒ. മോഹനൻ കെഎസ്യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ച വ്യക്തിയാണ്.
2011 മുതൽ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ട്. 2011ൽ, സിപിഎം വിട്ട് കോൺഗ്രസിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയോടു പരാജയപ്പെട്ടു. 2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കടന്നപ്പള്ളി 2021ലും വിജയമാവർത്തിച്ചു. 2016ൽ 1196 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയമെങ്കിൽ 2021 ൽ ഭൂരിപക്ഷം 1745 ആക്കി ഉയർത്തിയാണ് കടന്നപ്പള്ളി നിയമസഭയിലെത്തിയത്.
തുടർച്ചയായി കഴിഞ്ഞ രണ്ട് ഇടത് മന്ത്രിസഭയിലും അംഗവുമായി നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിനാണ് ആധിപത്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ 26, 030 വോട്ടിന്റെ ഭൂരിപക്ഷം കണ്ണൂർ മണ്ഡലത്തിൽ നേടിയപ്പോൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 8350 വോട്ടിന്റെ ലീഡാണ് യുഡിഎഫിനു ലഭിച്ചത്.
കണ്ണൂർ സീറ്റ് തനിക്ക് വേണമെന്ന കെ. സുധാകരന്റെ ശാഠ്യത്തിനൊടുവിൽ ദേശീയ നേതൃത്വം അനുനയിപ്പിച്ച് ടി.ഒ. മോഹനനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. കെ. സുധാകരൻ താൻ പാർട്ടി നിർദേശമനുസരിച്ച് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതോടെ ആ വിവാദം ഏറെക്കുറെ അണികളിലും തണുത്തുതുടങ്ങി.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളും കണ്ണൂരിലെ വിജയം ഇത്തവണ അഭിമാനപ്രശ്നം കൂടിയാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും മണ്ഡലത്തിലെ വികസനവും ഉയർത്തിക്കാട്ടിയാണു കടന്നപ്പള്ളി വോട്ടു തേടുന്നത്. സുധാകര പക്ഷത്തിന്റെ പ്രതിഷേധം കുറച്ചെങ്കിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷ അവർ ഇപ്പോഴും വച്ചുപുലർത്തുന്നുണ്ട്. കടന്നപ്പള്ളിയുടെ ജനകീയത മറ്റൊരു പ്ലസ് പോയിന്റായും കണക്കാക്കുന്നു.
കണ്ണൂർ മണ്ഡലത്തിലെ മുക്കും മൂലയും അറിയാവുന്നതിനൊപ്പം ജനകീയനുമാണ് കോൺഗ്രസിന്റെ പ്രതീക്ഷയായ ടി.ഒ. മോഹനൻ. മേയറായിരിക്കേ നടപ്പാക്കിയ വികസന പദ്ധതികളുൾപ്പെടെ ഉയർത്തിക്കാട്ടിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ ടി.ഒ. മോഹനൻ ജനങ്ങളെ സമീപിക്കുന്നത്.
അർഹമായവ പോലും നേടിയെടുക്കാനായില്ലെന്നും കടുത്ത രാഷ്ട്രീയ വിവേചനം കാട്ടിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു തന്ത്രങ്ങളും രീതികളും പോരായ്മകളുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെന്ന നിലയിൽ കൃത്യമായി മനസിലാക്കാൻ സി. രഘുനാഥിന് കഴിഞ്ഞിട്ടുണ്ട്. ഇടതും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് ബിജെപിയുടെ ആരോപണം.