പ്രതീക്ഷയത്രയും പുതിയ സർക്കാരിൽ
മംഗലംഡാം: പുതിയ യുഡിഎഫ് സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീടിനും കൃഷിഭൂമിക്കുമായി പത്തുവർഷത്തിലേറെയായി ഭൂസമരം തുടരുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ.
2016 ജനുവരി 15 മുതൽ തുടങ്ങിയ ഭൂസമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ സമരത്തിലുണ്ടായിരുന്ന 25 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ മേലാർകോട് പഞ്ചായത്തിലെ പാലോട് എന്ന സ്ഥലത്തേക്ക് മാറാൻ സമ്മതം അറിയിച്ചതിനെ തുടർന്ന് ഈ കുടുംബങ്ങൾക്കു സ്ഥലം ൽകി 2020ൽ പട്ടയ വിതരണവും നടത്തിയിരുന്നു.
ഈ കുടുംബങ്ങളും മൂർത്തിക്കുന്നിലെ പഴയ ചോർന്നൊലിക്കുന്ന വീടുകളിലാണ് ഇപ്പോഴും കഴിയുന്നത്. മേലാർക്കോട്ടെക്കു മാറാൻ താത്പര്യമില്ലാത്ത 11 കുടുംബങ്ങളാണ് ഇപ്പോൾ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്.
തുടക്കത്തിൽ ഒന്നിച്ചു നിന്നിരുന്ന ആദിവാസി കുടുംബങ്ങൾ പിന്നീട് രണ്ടുവിഭാഗമായതും ഭൂവിഷയം കൂടുതൽ സങ്കീർണമായ സ്ഥിതിയിലാക്കി. ഇതിന്റെ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് മൂപ്പൻ വാസുവും സമര രംഗത്തുള്ള കുടുംബങ്ങളും ആവശ്യപ്പെടുന്നത്.
കടപ്പാറയിൽ നിന്നും 30 കിലോമീറ്ററെങ്കിലും ദൂരമുണ്ട് 14 കുടുംബങ്ങൾക്ക് പട്ടയം കൊടുത്തിട്ടുള്ള മേലാർക്കോട്ടെ പാലോട് എന്ന സ്ഥലത്തേക്ക്. മേലാർകോട് താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ കടപ്പാറയിൽ എത്തുകയെന്നതു പ്രായോഗികമല്ല.
കുടുംബങ്ങൾ കൈയേറിയ 14.67 ഏക്കർ വരുന്ന വനഭൂമി റവന്യുഭൂമിയാക്കി സമരഭൂമിതന്നെ കുടുംബങ്ങൾക്കു നൽകുമെന്നായിരുന്നു ഭൂസമരം തുടങ്ങി ഒരുവർഷം കഴിഞ്ഞപ്പോൾ അന്നത്തെ ജില്ലാ ഭരണകൂടം ഉറപ്പുകൊടുത്തിരുന്നത്.
ഓരോ കുടുംബത്തിനും 60 സെന്റ് ഭൂമി വീതം നൽകുമെന്നും പ്രഖ്യാപനമുണ്ടായി. ഭൂമിക്ക് പട്ടയം നൽകുമെന്നും പറഞ്ഞതിനുസരിച്ച് ഭൂമി വീതിച്ചു നൽകാൻ സർവേ കല്ലുകളും സമരപ്പന്തലിൽ ഇറക്കി. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇരട്ടിഭൂമി വനംവകുപ്പിനു കൈമാറണമെന്ന ഫോറസ്റ്റ് ആക്ട് പ്രകാരം അട്ടപ്പാടി അഗളിയിലെ 29 ഏക്കർ മിച്ചഭൂമി വനംവകുപ്പിനു കൈമാറാനായിരുന്നു അന്നത്തെ കളക്ടർ ഇടപ്പെട്ടുള്ള തീരുമാനം. പിന്നീട് തീരുമാനങ്ങൾ മാറി മറിഞ്ഞു.
കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മേലാർക്കോട് സ്ഥലം കണ്ടെത്തുന്നതിലേക്ക് നടപടികൾ നീങ്ങി. ഇതിനനുകൂലമായി കുറച്ചു കുടുംബങ്ങൾ അധികൃതർക്കൊപ്പം നിന്നു. ഒടുവിൽ എവിടേയും സുരക്ഷിത ജീവിതം ഇല്ലാത്ത സ്ഥിതിയിലാണ് ആദിവാസി കുടുംബങ്ങൾ.