കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ടുകൾ. 2.16 കോടി രൂപയുടെ ക്രമക്കേട് സൊസൈറ്റിയിൽ നടന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ.
നിക്ഷേപകന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. കരാർ ജോലികൾ വ്യാജമായി കാണിച്ചും വാഹനങ്ങള്‍ അനുമതി ഇല്ലാതെ കൈമാറിയും പണം തട്ടി. 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ്.
ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ മുൻ കോണ്‍ഗ്രസ് നേതാവിനെയടക്കം പ്രതി ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സംഘത്തിന്റെ ഡയറക്ടർ സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകൻ ഇബ്രാഹിം ഹാജി തീകൊളുത്തുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇബ്രാഹിം ഹാജി കഴിഞ്ഞ ദിവസം മരിച്ചു.മൂന്ന് വർഷം മുമ്പാണ് സഹകരണ സംഘത്തിൽ ഇബ്രാഹിം ഹാജി പണം നിക്ഷേപിച്ചത്.
പലിശ മുടങ്ങിയതോടെയാണ് ഇബ്രാഹിം ഹാജി പരാതിയുമായി സഹകരണ സംഘത്തിന്റെ അധികൃതരെ സമീപിക്കുന്നത്. പണം ലഭിക്കാതെ വന്നതോടെ സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഇബ്രാഹിം ഹാജി പണം ആവശ്യപ്പെട്ട് എത്തി.
ഇതോടെ ഇവർ ഇബ്രാഹിം ഹാജിക്കെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പിന്നാലെയാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി ഇബ്രാഹിം ഹാജി തീകൊളുത്തിയത്.