വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ ഉയര്‍ന്ന നിക്ഷേപ തട്ടിപ്പ് പരാതിയില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രാഥമിക നടപടികള്‍ ആരംഭിച്ചതോടെ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്ത് എത്തിത്തുടങ്ങി. പലര്‍ക്കും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. മാസംതോറും നിശ്ചിത തുക പലിശയായി ലഭിക്കുമെന്നതു കണക്കിലെടുത്ത് വന്‍തുക നിക്ഷേപിച്ചവരൊക്കെ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്.
തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ചതോടെയാണു വടകരയിലെ ഈ സൊസൈറ്റിയുടെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച പയ്യോളി അയനിക്കാട് സ്വദേശി അന്‍വര്‍ ഹുസൈനും മകള്‍ ആയിഷ ഫിദക്കും 15 ലക്ഷത്തിലേറെ രൂപയാണു കിട്ടാനുള്ളത്.
നിത്യരോഗിയായ അന്‍വര്‍ ഹുസൈന്റെ ചികിത്സ കണക്കിലെടുത്താണ് പണം സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. ആദ്യഘട്ടത്തില്‍ കൃത്യമായി പലിശ ലഭിച്ചിരുന്നു. പിന്നീടത് മുടങ്ങി. ഇതോടെ നിക്ഷേപത്തുക കിട്ടാന്‍വേണ്ടി ശ്രമിച്ചപ്പോഴൊക്കെ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. കിട്ടുന്ന വഴി നോക്കാനും കേസ് കൊടുക്കാനുമൊക്കെയാണു സൊസൈറ്റി നടത്തിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതെന്ന് അന്‍വര്‍ ഹുസൈന് പറഞ്ഞു.
സൊസൈറ്റി ഓഫീസില്‍വച്ച് തന്നെ മര്‍ദിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഹൃദ്രോഗികളും വൃക്കരോഗികളുമൊക്കെയാണ് നിക്ഷേപകരില്‍ പലരും. മാസംതോറും കൃത്യമായ തുക ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ ഈ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. പണം തിരികെ കിട്ടാത്തത് ഇവരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി.
സൊസൈറ്റിയില്‍ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.നിക്ഷേപകരില്‍നിന്നു വാങ്ങിയ പണം മറ്റ് ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്തദിവസം തന്നെ സംഘത്തില്‍ പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുക്കും. സംഘം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെയും ജീവനക്കാരെയും ചോദ്യംചെയ്യും.