കൊച്ചി: സിനഗോഗ് തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചതായി സൂചന. കേസിൽ അറസ്റ്റിലായ എബിൻ പോൾ തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ള വ്യക്തിയാണെന്ന് മൊഴി നൽകി. എന്നാൽ വിക്രം തന്നെയാണോ സംഭവത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ എന്ന കാര്യത്തിൽ പൊലിസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇയാളുടെ യഥാർഥ വ്യക്തിത്വവും സംഭവത്തിലെ പങ്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ഫോൺ പരിശോധനയിലൂടെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അതേസമയം വിക്രം എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയുടെ പങ്ക് സ്ഥിരീകരിക്കാനും തീവയ്പ്പിനു പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുമുള്ള അന്വേഷണത്തിലാണ് പൊലിസ്.