കൂടരഞ്ഞി: പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കക്കാടംപൊയിൽ ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. കൂടരഞ്ഞിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള കക്കാടംപൊയിൽ കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
കോടമഞ്ഞ് പുതച്ച മലനിരകൾ, തട്ടുതട്ടായി പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ, നിബിഡ വനമേഖല, മലഞ്ചെരിവുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ പാതകൾ, പച്ചപ്പാർന്ന കുന്നിൻപ്രദേശങ്ങൾ എന്നിവയാണ് കക്കാടംപൊയിലിന്റെ പ്രധാന പ്രകൃതിആകർഷണങ്ങൾ.
വേനൽക്കാലത്തുപോലും താരതമ്യേന തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ കുടുംബസഞ്ചാരത്തിനും പ്രകൃതിയാസ്വാദനത്തിനും അനുയോജ്യമായ ഇടമായാണ് പ്രദേശം ശ്രദ്ധ നേടുന്നത്.
അനക്കല്ലുമ്പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങൾ, നായാടംപൊയിൽ കുരിശുമല ട്രക്കിങ്, ഉടുമ്പുപാറ, മേടപ്പാറ, പൂവാറൻതോട്, ആനക്കാംപൊയിൽ, പുല്ലൂരാംപാറ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ പ്രകൃതികേന്ദ്രങ്ങളും കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾക്ക് പിന്തുണ നൽകുന്നുണ്ട്.
കക്കാടംപൊയിലിനെ കേന്ദ്രീകരിച്ച് ഈ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടിനും വലിയ സാധ്യതയുണ്ട്. എന്നാൽ ടൂറിസം സാധ്യതകൾ ഏറെയുണ്ടായിട്ടും അർഹമായ രീതിയിൽ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ കക്കാടംപൊയിലിന് കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായവും ശക്തമാണ്. പ്രദേശത്തെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
പ്രകൃതിയുടെ തനിമ നിലനിർത്തി വേണം വികസനം വേണം
ഒരു കാലത്ത് പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഏറെ പ്രയാസപ്പെട്ടിരുന്ന പ്രദേശമാണ് കക്കാടംപൊയിൽ. യാത്രാദുരിതങ്ങളും വന്യജീവി ശല്യവും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടത്തെ ജനങ്ങൾ മുന്നോട്ടുവന്നത്.
ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ കക്കാടംപൊയിലിലേക്ക് എത്തുന്ന സാഹചര്യമുണ്ടായി. പ്രകൃതിയുടെ തനിമ നിലനിർത്തിക്കൊണ്ടുള്ള ടൂറിസം വികസനത്തിനാണ് ഇനി പ്രാധാന്യം നൽകേണ്ടത്. കക്കാടംപൊയിലിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നത അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഇടപെടലുണ്ടാകും.
ജോർജുകുട്ടി കക്കാടംപൊയിൽ
കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പ്രാദേശികമായി പ്രയോജനം ലഭിക്കണം
കക്കാടംപൊയിലിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ ഇവിടത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള അതിജീവനത്തിന്റെ ചരിത്രമുണ്ട്. ഒരുകാലത്ത് യാത്രാദുരിതം കാരണം ആളുകൾ നാടുവിട്ടുപോകേണ്ടിവന്ന സാഹചര്യത്തിൽനിന്നാണ് ഇന്നത്തെ ടൂറിസം കേന്ദ്രത്തിലേക്കുള്ള മാറ്റം. മലയോര ഹൈവേ പൂർത്തിയായതോടെ കക്കാടംപൊയിലിന്റെ സാധ്യതകൾ കൂടുതൽ തുറന്നുകിട്ടി.
സഞ്ചാരികളുടെ വരവ് വർധിച്ചതോടെ പ്രദേശത്തിന്റെ സാമ്പത്തിക മേഖലയിലും മാറ്റമുണ്ടായി. പ്രകൃതിസൗന്ദര്യം നഷ്ടപ്പെടുത്താതെ ടൂറിസത്തെ ശാസ്ത്രീയമായി വികസിപ്പിക്കുകയും അതിന്റെ പ്രയോജനം പ്രാദേശിക ജനങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. ടൂറിസ്റ്റ് വില്ലേജ് പദവി ലഭിക്കുന്നതിലൂടെ ഈ മേഖലയ്ക്ക് കൂടുതൽ വികസനസാധ്യതകൾ തുറന്നുകിട്ടും.
ആദർശ് ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് )