ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവൻഷനിൽ പങ്കെടുക്കും.
ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവൻഷന് കൂടുതൽ പ്രൗഢിയും ആഗോള ശ്രദ്ധയും നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും മലയാള സിനിമയെ ലോകവേദിയിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിത്വമാണ് അടൂർ ഗോപാലകൃഷ്ണൻ.
കലാമൂല്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 ദേശീയ കൺവൻഷനിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സിനിമാപ്രേമികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ദേശീയ നേതാക്കളും പ്രമുഖ വ്യവസായികളും പങ്കെടുക്കുന്ന ഈ മഹാമേള ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.