വടക്കാഞ്ചേരി: കലാമണ്ഡലം ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ തടഞ്ഞുവച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പേരയം പരിക്കത്തുവീട്ടിൽ മിഥുൻ കൃഷ്ണനെ (28)യാണ് ചെറുതുരുത്തി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് യുവാവ് ഹോസ്റ്റലിൽ പ്രവേശിച്ചത്. വിദ്യാർഥിനിയുടെ മുറിയിൽ കടന്ന യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തി മുറിക്കുള്ളിൽ അടച്ചിടുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രതിക്കു വിദ്യാർഥിനിയുമായി മുൻപരിചയം ഉണ്ടായിരുന്നതായി പറയുന്നു.
വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് തിരുവനന്തപുരത്തുനിന്നാണു മിഥുനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.
ഹോസ്റ്റലിൽ സുരക്ഷാവീഴ്ച ഉണ്ടായതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.