Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KalladiTragedy

കള്ളാടി ദുരന്തം: അന്വേഷണ പരിധിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കത്ത്

കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പരിധിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്‍സുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്‌സിസ്റ്റന്‍സ് കളക്ടീവ്, കേരള കത്ത് അയച്ചു.

പരിസ്ഥിതി സംഘടനാ നേതാക്കളായ എന്‍. ബാദുഷ (വയനാട്), എം.എന്‍. ജയചന്ദ്രന്‍ (ഇടുക്കി), വീണ മരുതൂര്‍ (തിരുവനന്തപുരം), അഡ്വ. സന്തോഷ് (എറണാകുളം), എ.ജെ. ബാബു(തിരുവനന്തപുരം), ടി.വി. രാജന്‍ (കോഴിക്കോട്), അന്‍വര്‍ സാദത്ത് (നിലമ്പൂര്‍), കെ.എ. സുലൈമാന്‍(ഇടുക്കി) എന്നിവര്‍ ഒപ്പിട്ടതാണ് കത്ത്.

കള്ളാടിയില്‍ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചില്‍ അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതും സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ തുരങ്കത്തിന്‍റെ പണികള്‍ നിര്‍ത്തിവയ്പ്പിച്ചതും സ്വാഗതാര്‍ഹമാണ്.

തുരങ്ക നിര്‍മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയും അനുമതി നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെയാണ്. ഈ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായോ എന്നുമാത്രം അന്വേഷിച്ചാല്‍ പോരാ. പരിസ്ഥിതി ആഘാത നിര്‍ണയവും സാമൂഹിക ആഘാത നിര്‍ണയവും തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയത്.

വനം-വന്യജീവി സംരക്ഷണം ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. തുരങ്കം കടന്നുപോകുന്ന പ്രദേശം ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അഥോറിറ്റികള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതാണെന്ന് സത്യം ബന്ധപ്പെട്ടവര്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചു.

സാമൂഹിക ആഘാത പഠനം നടത്തിയത് അനംഗീകൃത ഏജന്‍സിയാണ്. ഇക്കാര്യവും സമിതി അന്വേഷിക്കണം. പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയില്‍ സര്‍ക്കാര്‍ നോമിനികള്‍ മാത്രമാണുള്ളത്. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി വിദഗ്ധര്‍ ഒരാള്‍ പോലും ഇല്ല. ഇത് യാദൃശ്ചികമല്ല. പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം സത്യസന്ധവും വിശ്വസനീയവും കുറ്റമറ്റതുമായ രീതിയില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.

Latest News

Corehub Up