മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്റെശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് ചിദംബരം. ചിത്രത്തില്‍ കമല്‍ ഹാസന്റെ "ഗുണാ' സിനിമയിലെ "കണ്മണി അന്‍പോട്' എന്ന ഗാനം ചിദംബരം തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഇളയരാജ നിയമനടപടികള്ക്കൊരുങ്ങിയെങ്കിലും കമല്ഹാസന് അഭിപ്രായമൊന്നും പറഞ്ഞില്ല. ഇപ്പോഴിതാ കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ തനിക്കുണ്ടായ ഒരു അപൂര്വഭാഗ്യത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിദംബരം.
കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ, എന്നാല്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ "മരുതനായകം' എന്ന ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പ് കമല്‍ ഹാസനൊപ്പം തിയേറ്റര്‍ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവച്ചത്.
ചിത്രത്തിന്റെ ഏകദേശം 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് കമല്‍ ഹാസനൊപ്പം ചിദംബരം കണ്ടത്. തീര്‍ത്തും ഗംഭീരമായ അനുഭവമായിരുന്നു അതെന്ന് ചിദംബരം പറഞ്ഞു.
നിലവില്‍ മരുതനായകത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ ഉള്ളടക്കമുള്ളതാണ് പുതിയ പതിപ്പ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
1997-ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി പങ്കെടുത്ത വന്‍ ചടങ്ങിലായിരുന്നു "മരുതനായകം' പ്രഖ്യാപിച്ചത്. പ്രശസ്ത എഴുത്തുകാരന് സുജാതയ്ക്കൊപ്പം കമല്‍ ഹാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സമീപകാലത്ത് ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ "മരുതനായകം' പുനരുജീവിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്ഹാസന് വ്യക്തമാക്കിയിരുന്നു. നേരത്തെ, സംവിധായകന് ലോകേഷ് കനകരാജും മരുതനായകത്തിന്റെ ദൃശ്യങ്ങള്‍ കമല്‍ ഹാസനൊപ്പം കണ്ട അനുഭവം പങ്കുവച്ചിരുന്നു.