തെലങ്കാനയിലെ കാമാറെഡി ജില്ലയിൽ നടന്ന വിചിത്രമായ ഒരു എടിഎം കവർച്ച ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഗാന്ധാരി പൊലിസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ പതിനൊന്നാം തീയതി പുലർച്ചെ ഒരുമണിക്കും ഒന്നരമണിക്കും ഇടയിലായിരുന്നു സംഭവം.
ആർക്കും പെട്ടെന്ന് സംശയം തോന്നാത്ത രീതിയിൽ ഒരു ആംബുലൻസിലാണ് പ്രതികൾ എടിഎം കിയോസ്കിൽ എത്തിയത്. പൊലിസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സ്ത്രീകളുടെ നൈറ്റിയും മുഖംമൂടികളും ധരിച്ചാണ് സംഘം കൃത്യം നിർവഹിക്കാൻ എത്തിയത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.
കൈയിൽ കരുതിയ ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്ബിഐയുടെ എടിഎം മെഷീൻ അതിവേഗം തകർത്ത ശേഷം ഇവർ പണവുമായി കടന്നുകളയുകയായിരുന്നു. കിയോസ്കിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.
സംഭവമറിഞ്ഞയുടൻ രംഗത്തിറങ്ങിയ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
എന്നാൽ എടിഎമ്മിൽ നിന്നും എത്ര തുക നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നുമുള്ള ഔദ്യോഗിക വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.