കണമല: കണമല ഇറക്കത്തിനു പകരമായി നിർമിച്ച സമാന്തര പാത ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കുമെന്ന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ അറിയിച്ചു. സമാന്തര പാത സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
ശബരിമല തീർഥാടന പാതയായ എരുമേലി-പമ്പ റോഡിലെ കണമല ഇറക്കത്തിൽ നിരന്തരം അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ഇതിന് പരിഹരമായി 2014ൽ ഏഴു കോടി ചെലവിട്ടാണ് എരുത്വാപ്പുഴയിൽനിന്നു കീരിത്തോട് റോഡ് വഴി കണമല റോഡിൽ പ്രവേശിക്കുന്ന പഴയ നാട്ടുവഴി വികസിപ്പിച്ച് ബദൽ പാതയായി നിർമിച്ചത്. എന്നാൽ, നിർമാണം പൂർത്തിയായപ്പോൾ പാത കണമല ഇറക്കത്തെക്കാൾ അപകട വഴിയായി മാറിയെന്ന് പരാതി ഉയർന്നതോടെ ശബരിമല സീസണിൽ ഗതാഗത വിലക്ക് ഏർപ്പെടുത്തി. 2023ലെ മഴക്കാലത്ത് പാതയുടെ ഒരു ഭാഗം ഒലിച്ചുപോയതോടെ റോഡ് മുഴുവൻ തകർന്ന അവസ്ഥയിലായി.
കഴിഞ്ഞയിടെ ഈ റോഡിന്റെ പുനർ നിർമാണത്തിന് ആന്റോ ആന്റണി എംപി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകളായി മൊത്തം രണ്ട് കോടി രൂപ അനുവദിക്കപ്പെട്ട സാഹചര്യത്തിൽ റോഡിന്റെ പുനർ നിർമാണം സാധ്യമാക്കണമെന്ന് ആവശ്യം ഉയർന്നതോടെയാണ് എംഎൽഎ പാത സന്ദർശിക്കാൻ എത്തിയത്. ഏറ്റവും ആധുനിക നിലവാരത്തിൽ പുനർ നിർമാണം നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിനു മറ്റക്കര, പഞ്ചായത്ത് മെംബർ ദേവസ്യാച്ചൻ കൊച്ചുമാണിക്കുന്നേൽ, ബിജു മേക്കരശേരിൽ, ബാബു അമ്മനത്ത്, രാജേഷ് ചീരംകുളം, ടോമി കരിയിലമറ്റം, കുഞ്ഞുമോൻ വെട്ടിക്കലോലി എന്നിവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.