കൊയിലാണ്ടി: നാലര വര്‍ഷത്തിലേറെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ഇടംനേടിയ കാനത്തില്‍ ജമീലയ്ക്ക് നാട് കണ്ണീരോടെ വിടചൊല്ലി.
എംഎല്‍എയെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പിക്കാനും കൊയിലാണ്ടിയിലേക്ക് ഇന്നലെ ഒഴുകിയെത്തിയത് മന്ത്രിമാരും ജനപ്രതിനിധികളും അണികളും സാധാരണക്കാരും അടക്കം ആയിരങ്ങളാണ്.
രാവിലെ പത്തരയോടെയാണ് മൃതദേഹം വഹിച്ചുള്ള പ്രത്യേകവാഹനം കൊയിലാണ്ടിയില്‍ എത്തിയത്. ഭൗതിക ശരീരം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചു. രാവിലെ എട്ടു മുതല്‍ 10 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന് സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഭൗതിക ശരീരം കൊയിലാണ്ടിയില്‍ എത്തിച്ചത്. വഴിയിലൊന്നും പൊതുദര്‍ശനമുണ്ടായിരുന്നില്ല. എല്ലാവരും കൊയിലാണ്ടി ടൗണ്‍ഹാളിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.
ഇതിനായി ടൗണ്‍ഹാള്‍ മുറ്റത്ത് പ്രത്യേകം പന്തല്‍ ഒരുക്കി. നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സര്‍വീസ് സംഘടനകളുടയും പ്രതിനിധികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബാരിക്കേഡുകള്വച്ചാണ് ജനത്തെ നിയന്ത്രിച്ചത്.
എംഎല്‍എയോടുള്ള ആദരസൂചകമായി കൊയിലാണ്ടി നഗരത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലും ഹര്‍ത്താലാചരിച്ചു.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്, പി.എ. മുഹമ്മദ് റിയാസ്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ.പി. മോഹനന്, കെ.കെ. രമ, കെ. മമ്മിക്കുട്ടി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, എം. മെഹബൂബ്, പി. സതീദേവി, ടി.കെ. ചന്ദ്രന്, പി. വിശ്വന്, കെ. ദാസന്, കെ.കെ. ലതിക, റൂറല്‍ എസ്പി കെ.ഇ. ബൈജു തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഉച്ചയ്ക്കുശേഷം മൃതദേഹം അത്തോളി ചോയിക്കുളത്തെ വീട്ടിലെത്തിച്ചു.വൈകുന്നേരം അഞ്ചിന് കുനിയില്‍ പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.