പാലക്കാട്: കഞ്ചിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകൻ കുട്ടികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ തെളിവെടുപ്പു നടത്തി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ച് മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപകർ ശ്രമിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥികളെ അധ്യാപകൻ ശിക്ഷിച്ച സംഭവം കുട്ടികളെ മാനസികമായും ശാരീരികമായും തളർത്തിയതായി കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുമായി നേരിട്ടുസംസാരിച്ചതായും അധ്യാപകന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നു കമ്മീഷൻ അംഗങ്ങളായ അഡ്വ.ബി. മോഹൻകുമാർ, ഡോ.എഫ്. വിൽസണ്, കെ.കെ. ഷാജു എന്നിവർ അറിയിച്ചു.