നെടുമ്പാശേരി: വിവാദ പുസ്തകവുമായി ബന്ധപ്പെട്ട കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന അമേരിക്കന്‍ പൗരനായ കന്നഡ എഴുത്തുകാരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.
കന്നഡ എഴുത്തുകാരന് രവി ഹഞ്ചിനെയാണു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് നെടുമ്പാശേരി പൊലിസിനു കൈമാറിയത്. കര്‍ണാടക ബെലഗാവി മാര്‍ക്കറ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.
12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കര്‍ത്താവായ ബസവണ്ണയ്ക്കും ലിംഗായത്ത് സമുദായത്തിനുമെതിരേ അപകീര്‍ത്തികരവും അവഹേളനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രവി ഹഞ്ചിന്റെ "ബസവ മണ്ഡപം' എന്ന പുസ്തകത്തിലാണ് വിവാദത്തിനിടയാക്കിയ പരാമര്‍ശങ്ങളുള്ളത്.
കന്നഡയിലെ ഒരു പ്രാദേശിക ദിനപത്രത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഹഞ്ചിന്റെ കോളങ്ങളുടെ സമാഹാരമായ ബസവ മണ്ഡപയുടെ പകര്‍പ്പുകള്‍ കണ്ടുകെട്ടാനും നിയമനടപടി സ്വീകരിക്കാനും കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചതിന് ദിവസങ്ങള്‍ക്കുശേഷമാണ് അദ്ദേഹം അറസ്റ്റിലായത്.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതു കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍, മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ പ്രവൃത്തികള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്.
കര്‍ണാടക ദാവന്‍ഗരെ സ്വദേശിയായ ഹഞ്ച് ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസമാണ്. തന്റെ കൃതി ഗവേഷണാധിഷ്ഠിതമാണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അറസ്റ്റിലായ പ്രതിയെ ബെലഗാവി പൊലിസിനു കൈമാറി.