കന്നഡ ചലച്ചിത്ര താരം രചിത റാം തന്റെ ജന്മദിനത്തിൽ ആരാധകരോട് കാണിച്ച സ്നേഹവും സൗമ്യതയുമാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയം.
ഒക്ടോബർ മൂന്നിന് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാനും ആശംസകൾ ഏറ്റുവാങ്ങാനും താരം നേരിട്ടെത്തിയിരുന്നു.
സ്നേഹത്തോടെയും പുഞ്ചിരിയോടെയും ഫോട്ടോകൾക്കും സെൽഫികൾക്കും ഒപ്പം നിന്ന രചിതയ്ക്ക് പക്ഷേ, തികച്ചും അപ്രതീക്ഷിതവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അനുഭവമാണ് ആരാധകരിൽ നിന്നും നേരിടേണ്ടി വന്നത്.
'ഡിംപിൾ ക്വീൻ' എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടിയോടൊപ്പം സെൽഫിയെടുത്ത ശേഷം മടങ്ങാൻ തുനിഞ്ഞ ഒരു ആരാധകൻ പെട്ടെന്ന് അവരുടെ കവിളിൽ ബലമായി പിടിച്ചു വലിക്കുകയായിരുന്നു.
പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ താരം ഒരു നിമിഷം അമ്പരന്നെങ്കിലും, ഒട്ടും അസഹിഷ്ണുത പ്രകടിപ്പിക്കാതെ തികഞ്ഞ ക്ഷമയോടെ സ്വയം നിയന്ത്രിക്കുകയും ബാക്കിയുള്ളവരോട് സാധാരണ പോലെ സംസാരിക്കുകയും ചെയ്തു.
എന്നാൽ ഈ ഒരു സംഭവത്തിന് ശേഷവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒന്നിലധികം ആളുകൾ നടിയുടെ കവിളിൽ തൊടാനും പിടിച്ചു വലിക്കാനും ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്ന മറ്റ് വീഡിയോകളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് ഉയരുന്നത്.
പ്രിയപ്പെട്ട നടിയോടുള്ള സ്നേഹപ്രകടനവും കുസൃതിയുമായി ഇതിനെ ഒരു വിഭാഗം ന്യായീകരിക്കുമ്പോൾ, പ്രശസ്തരായ വ്യക്തികളാണെങ്കിൽ പോലും അവരുടെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് തെറ്റാണെന്നും വ്യക്തിപരമായ അതിരുകളെ മാനിക്കാൻ ആരാധകർ പഠിക്കണമെന്നും ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാണിക്കുന്നു.
ഒടുവിൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം 'കൂലി'യിൽ രജനികാന്തിനൊപ്പം ശ്രദ്ധേയമായ വേഷത്തിൽ രചിത എത്തിയിരുന്നു.