ഫോർട്ടകൊച്ചി: കുമ്പളങ്ങി സ്വദേശി ജെഫിന് ആന്റണിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ നീണ്ടകര സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വാളന്തറ വീട്ടില്‍ റോജന്‍ പോളിനെ (46) യാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് കണ്ണമാലി കാട്ടിപ്പറമ്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം.
റോജന്‍ പോളും സുഹൃത്തുക്കളായ ആന്റണി ബേസില്‍ സജി, സേവ്യര്‍ (ഇരുവരും കണ്ണമാലി സ്വദേശികൾ), പള്ളുരുത്തി സ്വദേശി നജീബ് എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ജെഫിന് കാട്ടിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ആന്റണി ബേസില്‍ കയറിയിരുന്നു.
ബൈക്കിൽനിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതു പോലീസിനെ അറിയിച്ചതിലുള്ള വിരോധത്തില്‍ ഒന്നാം പ്രതിയും മറ്റ് നാലു പേരും ചേര്‍ന്ന് ജെഫിനെ അക്രമിക്കുകയായിരുന്നു.
റോജൻ പോൾ കാട്ടിപ്പറമ്പ് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.