മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.യാത്രക്കാരനിൽനിന്ന് 1.87 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ 4.50 നു ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൾ റഷീദിൽനിന്നാണ് 1281.7 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് 1,87, 51, 271 രൂപ വില വരും.
കോഴിക്കോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയായ അബ്ദുൾ റഷീദിനെ വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിൽ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കും.
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് സ്വർണം പിടിക്കുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഇത്രയും വലിയ തുകയുടെ സ്വർണം പിടികൂടുന്നത്.