Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karamanayar

Thiruvananthapuram

കിള്ളിയാറിലും കരമനയാറിലും മാലിന്യംതള്ളൽ പതിവ്; നാട്ടുകാർ പകർച്ചവ്യാധി ഭീഷണിയിൽ

നെടുമങ്ങാട്: നൂറ് കണക്കിനാളുകൾ ദാഹജലത്തിനായി ആശ്രയിക്കുന്ന കിള്ളിയാറിലും കരമന യാറിലും മാലിന്യം തള്ളൽ പതിവായതോടെ സാംക്രമിക രോഗങ്ങൾ പടരുന്നു.

ഇരുമ്പയിൽ നിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ആളൊഴിഞ്ഞ വളവുകളിൽ മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ തള്ളുന്നത് വ്യാപകമാണ്‌. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാലിന്യങ്ങൾ രാത്രി കാലങ്ങളിലാണ് വാഹനങ്ങളിലെത്തിച്ച് കരമനയാറിലും കിള്ളിയാറിലെ തീരങ്ങളിലും തള്ളുന്നത്.

ഇതേസമയം, കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള ഇറച്ചിമാലിന്യങ്ങൾ പകൽക്കാലത്ത് പരസ്യമായി വലിച്ചെറിയുന്ന സംഘങ്ങളും പെരുകുന്നുണ്ട്. കാടുപിടിച്ച് കിടക്കുന്ന പ്രദേശം പകൽ സമയത്ത് പോലും വിജനമാണ്. ഇതു മറയാക്കിയാണ് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്.

കരകുളം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ അരുവിക്കര, വെള്ളനാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നു. ഈച്ചയും കൊതുകും പെരുകുന്നതും പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിപ്പിക്കുന്നു.

കുടിവെള്ളം സ്രോതസുകളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ക്രിയാത്‌മകമായി ഒന്നും ചെയ്യുന്നില്ല എന്ന്‌ ആക്ഷേപം ഉണ്ട്.

അരുവിക്കര ഗ്രാമപഞ്ചായത്ത് അധികൃതർ ഈ മേഖലയിൽ പലപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും മാലിന്യം വലിച്ചെറിയൽ തുടരുകയാണ്.

നഗരപ്രദേശങ്ങളിലെ ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് അരുവിക്കര, കരകുളം പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ തള്ളുകയാണ് പതിവ്.

കഴിഞ്ഞയാഴ്ച ആറ്റുകാലിന് സമീപം മണക്കാടുള്ള ഒരു റെസിഡൻസ് അസോയിയേഷന്‍റെ ആഘോഷപരിപാടികൾക്ക് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ഇരുമ്പയിലെ റോഡരികിൽ തള്ളിയിരുന്നു. ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുമെന്നും പ്രദേശം ശുചീകരിക്കുമെന്നും അധികൃതർ നൽകിയ ഉറപ്പ് പാഴായതായി പരാതി ഉയർന്നിട്ടുണ്ട്.

മഴപെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും മലിനജലം സമീപത്തെ കരമന ആറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് തീരവാസികൾ. മാലിന്യങ്ങൾ തെരുവുനായ്ക്കളും കടിച്ചുവലിച്ച് ആറ്റിലേക്കിടുന്നുണ്ട്. ഇതും ജലം മലിനമാവാൻ കാരണമാകുന്നുണ്ട്. ജനം മലിനജലം കുടിക്കേണ്ട ദുരവസ്ഥയിലാണ്. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Latest News

Corehub Up