ന്യൂഡൽഹി: രാജ്യത്തിന്റെ 77 -ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പ്രൗഢഗംഭീരമായി നടന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. ഔദ്യോഗിക ചടങ്ങിൽ പ്രതിപക്ഷ നേതാവിന് മൂന്നാം നിരയിൽ മാത്രം ഇരിപ്പിടം അനുവദിച്ചതിനെ കടുത്ത ഭാഷയിലാണ് കോൺഗ്രസ് വിമർശിക്കുന്നത്.
ഇത് കേവലം ഒരു ഇരിപ്പിടത്തിന്റെ പ്രശ്നമല്ലെന്നും രാജ്യത്തെ പ്രതിപക്ഷത്തോടുള്ള സർക്കാരിന്റെ അവഹേളനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
പ്രോട്ടോക്കോൾ പ്രകാരം മുൻനിരയിൽ ഇരിക്കേണ്ട നേതാവിനെ മനഃപൂർവം പിന്നിലേക്ക് മാറ്റിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ്, 2018-ലും സമാനമായ നീക്കം ഉണ്ടായ കാര്യം ഓർമ്മിപ്പിക്കുന്നു.
പലർക്കും മുൻനിരയിൽ ഇടം നൽകിയിട്ടും രാഹുൽ ഗാന്ധിയെ മാത്രം മൂന്നാം നിരയിലേക്ക് ഒതുക്കിയതിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. വിവാദങ്ങൾക്കിടയിലും സൈനിക കരുത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ദൃശ്യവിരുന്നായി ഇത്തവണത്തെ പരേഡ് മാറി. വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമേയമായ ചടങ്ങിൽ യൂറോപ്യൻ യൂണിയൻ നേതാക്കളായ ഉർസുല വോൺ ഡെർ, അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ചതോടെ തുടങ്ങിയ പരേഡിൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വിളിച്ചോതുന്ന സിന്ദൂർ ഫോർമേഷൻ ഉൾപ്പെടെയുള്ള ആകാശക്കാഴ്ചകൾ വിസ്മയമായി.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരേഡിനെത്തിയ കേരളത്തിന്റെ നിശ്ചലദൃശ്യം വലിയ ചർച്ചയായി. കൊച്ചി വാട്ടർ മെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിച്ച കേരളത്തിന്റെ പ്ലോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി തന്നെ അതിഥികൾക്ക് വിവരിച്ചു നൽകിയത് വേറിട്ട കാഴ്ചയായിരുന്നു. തമിഴ്നാടിന്റെ ജെല്ലിക്കെട്ട് പ്രമേയവും സേനാവിഭാഗങ്ങളുടെ സാഹസിക പ്രകടനങ്ങളും കൂടി ചേർന്നതോടെ റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ സമാപ്തി കുറിച്ചു.