തൃശൂർ: രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും വാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ അങ്ങാടിക്കൽ നോർത്ത് സ്വദേശി കാർത്തിക്കാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 20നു രാത്രി 11.50നു വെളപ്പായയിൽ സുനിലിന്റെ വീടിനു മുമ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനങ്ങളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞവർഷം പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്വർണക്കവർച്ചക്കേസ് ഉൾപ്പടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാർത്തിക്. ഇയാളടങ്ങുന്ന സംഘം നിരവധി കുഴൽപ്പണ കവർച്ചകളും നടത്താറുണ്ടെന്നു പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം ബംഗളൂരുവിലേക്കു കടന്ന് ഒളിവിൽ കഴിയുന്നതാണ് ഇയാളുടെ രീതി.
കൊലപാതകശ്രമത്തിൽ നേരിട്ടു പങ്കെടുത്ത ആലപ്പുഴ കരുവാറ്റ സ്വദേശികളായ പുത്തൻപുരയിൽ ആദിത്യൻ, സിന്ധുഭവനിൽ ഗുരുദാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ആക്രമണത്തിന് ഏർപ്പാടു ചെയ്ത സംഘത്തിലെ പ്രധാനി തൃശൂർ അഞ്ചേരി ക്രിസ്റ്റഫർ നഗറിൽ പറമ്പിത്തറ സിജോ, കുറ്റുമുക്ക് സ്വദേശി ആലപ്പാട്ട് തോംസൺ, ചേലക്കോട്ടുകര സ്വദേശി ആലപ്പാട്ട് എഡ്വിൻ, അയ്യന്തോൾ സ്വദേശി കള്ളിക്കാടൻ ഡിക്സൺ എന്നിവരെ സംഭവം നടന്നു മൂന്നുദിവസത്തിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കൽ കോളജ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.