കരുനാഗപ്പള്ളി : കരുനാഗപ്പള്ളി-കുന്നത്തൂര്‍ സംയോജിത കുടിവെള്ളപദ്ധതിയുടെ നിര്‍മാണം പലയിടത്തും നിലച്ചു. കല്ലടയാറിലെ ഞാങ്കടവില്‍ നിന്നുള്ള വെള്ളം ഐവര്‍കാല അമ്പുവിളയില്‍ നിര്‍മിക്കുന്ന ശുദ്ധീകരണശാലയില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ ആറ് പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളില്‍ ജലസംഭരണിയും വീടുകളില്‍ കണക്ഷനുകള്‍ നല്കാന് പൈപ്പ് ലൈനുകളും സ്ഥാപിക്കും.
കരുനാഗപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലും ജലസംഭരണികളുടെ നിര്‍മാണം പാതിവഴിയിലാണ്. ജലസംഭരണിയുടെ നിര്‍മാണവും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതുമായ പ്രവൃത്തികള്‍ തൊടിയൂര്‍ പഞ്ചായത്തില്‍ ഒന്നുമായിട്ടില്ല.
കുലശേഖരപുരം പഞ്ചായത്തില്‍ പലയിടത്തും പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ജലസംഭരണിയുടെ നിര്‍മാണവും പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കലും ആരംഭിച്ചിട്ടില്ല. തഴവ പഞ്ചായത്തില്‍ പദ്ധതിക്കായുള്ള പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തികള്‍ പകുതി വഴിയിലാണ്. സ്ഥാപിക്കാനായി പലയിടത്തും പൈപ്പുകള്‍ ഇറക്കി വച്ചിരിക്കുകയാണ്.
പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി റോഡുകള്‍ കുഴിച്ചശേഷം ടാര്‍ ചെയ്യാതെ കിടക്കുകയാണ്. ഇത് നാട്ടുകാര്‍ക്കിടയില്‍ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കുഴിച്ച ഭാഗം ടാര്‍ ചെയ്യാന്‍ ജല്‍ജീവന്‍ മിഷന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൈമാറണം.
ആദ്യഘട്ടമായി ഏതാനും പഞ്ചായത്തുകള്‍ക്ക് ഫണ്ട് കൈമാറുകയും ചെയ്തു. എന്നാല്‍ മഴ തുടങ്ങിയതോടെ വീണ്ടും ടാര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായി.
നബാര്‍ഡിന്റെ 65.50 കോടിയും ജല്‍ജീവന്‍ മിഷന്റെ 415.57 കോടിയും ഉള്‍പ്പെടെ 481.07 കോടിയുടെ പദ്ധതിക്കാണ് സംഭരണി നിര്‍മിക്കുന്നത്.
വെള്ളം കൊണ്ടുപോകാനായി 10.90 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ജലസംഭരണിയുടെ നിര്‍മാണം നിലച്ചിരിക്കുകയാണ്. കുലശേഖരപുരത്ത് സംഘപ്പുരമുക്ക് മഹാരാഷ്ട്ര നഗറിനു സമീപമാണ് ഉപരിതല ജലസംഭരണി നിര്‍മിക്കുന്നത്.
17.30 ലക്ഷം ലിറ്റര്‍ ശേഷിയുള്ളതാണ് ഇവിടെ നിര്‍മിക്കുന്ന ജലസംഭരണി. 3.46 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ ജലസംഭരണിയും നിര്‍മിക്കും.
6.25 കിലോമീറ്റര്‍ പൈപ്പ് ലൈനും സ്ഥാപിക്കണം. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്. തൊടിയൂരില്‍ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള സ്ഥലത്ത് ടാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.