കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടും സാങ്കേതിക കാരണങ്ങളാല്‍ പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്. നിര്‍ദിഷ്ട പാക്കേജ് പട്ടികയില്‍ ഉള്‍പ്പെടാത്ത ശസ്ത്രക്രിയകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള പൂര്‍ണ അധികാരം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കു നല്കിയ തീരുമാനമാണ് രോഗികള്‍ക്കു ഗുണകരമാകുക.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതും എന്നാല്‍ രോഗിയുടെ ജീവന് രക്ഷിക്കാന്‍ അനിവാര്യവുമായ പ്രത്യേക ശസ്ത്രക്രിയകള്‍ക്കു തുക മുന്‍കൂട്ടി അനുവദിച്ച് ചികിത്സ ലഭ്യമാക്കാന്‍ ഉതകുംവിധത്തില്‍ അധികാര വികേന്ദ്രീകരണമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
2023 ഓഗസ്റ്റ് 26ലെ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള കേസുകള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) മെഡിക്കല്‍ കമ്മിറ്റിയുടെ പരിശോധനയ്ക്കും മാനേജരുടെ അനുമതിക്കും വിധേയമായിട്ടായിരുന്നു അനുമതി നല്‍കിയിരുന്നത്. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ക്ക് ജോയിന്റ് ഡയറക്ടറുടെ (മെഡിക്കല്‍) അനുമതിയും ആവശ്യമായിരുന്നു. ഇത്തരത്തിലുള്ള കേസുകളുടെ ക്ലെയിം പരിശോധന, ഓഡിറ്റിംഗ്, ഫോളോഅപ് നടപടികള്‍ തുടങ്ങിയ മുഴുവന്‍ നടപടികളും നിലവില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മെഡിക്കല്‍ ഓഡിറ്റ് ഡിവിഷനാണു നേരിട്ട് കൈകാര്യം ചെയ്യുന്നത്. ഇത് രോഗികള്‍ക്ക് തടസമില്ലാതെയും വേഗത്തിലും ചികിത്സാ അനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നുവെന്നു കണ്ടാണു പുതിയ തീരുമാനം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ. ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു കുടുംബത്തിന് പണം നല്‍കാതെ വര്‍ഷം തോറും അഞ്ചു ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്.