National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിൽ സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ഇരുപതോളം കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി.
നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
National
ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും സങ്കല്പ്പിക്കാന് പോലും കഴിയാത്ത ദുരന്തമാണ് നടന്നതെന്നും ബാലാജി പ്രതികരിച്ചു.
യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ പോലും ടിവികെ ശ്രമിച്ചില്ല. ഡിഎംകെയുടെ യോഗങ്ങളില്‍ ഇതൊന്നുമല്ല പതിവ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ടിവികെ ഉറപ്പാക്കിയില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്തില്‍ ബാലാജി പറഞ്ഞു.
നൂറുകണക്കിന് ചെരുപ്പുകള്‍ കിടക്കുന്നത് നമുക്ക് അവിടെ കാണാം. എന്നാല്‍ ഒരു ബിസ്കറ്റിന്റെ കവറോ വെള്ളക്കുപ്പിയോ കണ്ടില്ല. വിജയ് കൃത്യസമയത്ത് എത്താതിരുന്നത് വലിയ വീഴ്ചയാണ്. വിജയ് വരുംമുന്പ് തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ആളുകള്‍ കുഴഞ്ഞു വീണിരുന്നുവെന്നും സെന്തില്‍ ബാലാജി വ്യക്തമാക്കി.
എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളില്‍ നിന്നത് 19 മിനിറ്റാണ്. തന്നെക്കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെരുപ്പേറുണ്ടായി. തന്നെക്കുറിച്ച് പറഞ്ഞത് 16-ാം മിനിട്ടിലാണ്. വിജയ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സെന്തില്‍ ബാലാജി കുറ്റപ്പെടുത്തി.
National
ചെന്നൈ: ശനിയാഴ്ച കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവച്ച ദുരന്തമായിരുന്നുവെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി. വിജയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.
വിജയ് അതിനെല്ലാം ഉത്തരം പറയണമെന്നും ആർ.എസ് ഭാരതി ആവശ്യപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം എന്തിനാണെന്നും ആർഎസ്എസ് ഭാരതി ചോദിച്ചു. തമിഴ് നാട് സർക്കാർ നടത്തുന്നത് കുറ്റമറ്റ അന്വേഷണമാണ്. സിബിഐ വേണ്ടെന്നാണ് ഡിഎംകെ നിലപാട്. സിബിഐ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ടൂൾ ആയി മാറുകയാണെന്നും ഭാരതി കുറ്റപ്പെടുത്തി.
വിജയ്യെ വരുതിയിൽ നിർത്താൻ ബിജെപി സിബിഐയെ ഉപയോഗിക്കും. വിജയ്ക്ക് പിന്നിൽ താരാ ആരാധന തലയ്ക്കു പിടിച്ചവരാണ്. അത്തരക്കാരെ കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുകയാണ്. കരൂരിലടക്കം തിങ്ങി നിറഞ്ഞത് വിദ്യാർഥികൾ ഉൾപ്പെട ചെറുപ്പക്കാർ മാത്രമാണെന്നും ഭാരതി പറഞ്ഞു.
മുതിർന്നവർ കേവലം രണ്ടായിരത്തോളം പേർ മാത്രമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ ഭാവി എന്തെന്നത് ഡിഎംകെയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെക്ക് ടിവികെയെ ഭയമില്ല. ഡിഎംകെ ജനങ്ങൾക്കിടയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.
National
ചെന്നൈ: കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള കമ്മീഷനെ നിയോഗിച്ചു.
അന്വേഷണത്തിനുശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സഹായം നൽകും.
വിജയെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ലയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിയ സ്റ്റാലിൻ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
പരിക്കേറ്റവരെയും സന്ദർശിച്ചതിനൊപ്പം ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി.