ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കങ്ങളുമായി അന്വേഷണസംഘം.
ചോദ്യം ചെയ്യലിൽ കൗമാരക്കാർ പറഞ്ഞ കള്ളക്കഥകൾ പൊളിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ ഉറപ്പിക്കുന്നതിനുമായി പിടിയിലായ മൂന്ന് ആൺകുട്ടികളെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ കുട്ടികളെ നേരിട്ട് ഹാജരാക്കിയാണ് അപേക്ഷ സമർപ്പിക്കുക. കേസിൽ ഉൾപ്പെട്ട 13കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല.
പെട്ടെന്നുണ്ടായ പ്രകോപനത്തിലല്ല, മറിച്ച് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിനു ലഭിച്ചു. സ്വന്തം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാൽ സൈബർ പോലീസിന്റെ പിടിയിലാകുമെന്ന് ഭയന്ന് സംഘം പ്രത്യേക സിം കാർഡ് സംഘടിപ്പിക്കുകയായിരുന്നു.
കൃത്യത്തിനു പിന്നാലെ ഈ സിം കാർഡ് നശിപ്പിച്ചെങ്കിലും, അത് പ്രവർത്തിച്ച ടവർ ലൊക്കേഷനുകളും ഉപകരണ വിവരങ്ങളും സൈബർ സെൽ ശേഖരിച്ചു. നശിപ്പിച്ച സിം ഉപേക്ഷിച്ച സ്ഥലം കണ്ടെത്തുന്നതിനും സോഷ്യൽ മീഡിയ ചാറ്റുകൾ വീണ്ടെടുക്കുന്നതിനുമാണ് കസ്റ്റഡി പ്രധാനമായും ആവശ്യപ്പെടുന്നത്.
വീടിന്റെ പിന്നിലെ എക്സ്ഹോസ്റ്റ് ഫാനിന്റെ ചെറിയ ദ്വാരം വഴിയാണ് കൗമാരക്കാർ അകത്തുകടന്നത്. കസ്റ്റഡി ലഭിച്ചാൽ ഇവരെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം പുനഃസൃഷ്ടിച്ച് പരിശോധിക്കും. പ്രായപൂർത്തിയാകാത്തവരായതിനാൽ കർശന നിബന്ധനകളോടെയായിരിക്കും നടപടികൾ.
കുട്ടികളെ പോലീസ് സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല. തെളിവെടുപ്പ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലായിരിക്കണം. മൊഴിയെടുപ്പിലും റീ-ക്രിയേഷൻ വേളയിലും രക്ഷിതാക്കളുടെയോ ലീഗൽ പ്രൊട്ടക്ഷൻ ഓഫീസറുടെയോ സാന്നിധ്യം നിർബന്ധമാണ്. തിരിച്ചറിയൽ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ രഹസ്യമായിട്ടായിരിക്കും ഇവരെ സ്ഥലത്തെത്തിക്കുക.