കരുവാരകുണ്ട്: കേര കര്‍ഷകര്‍ക്കുള്ള വളം കരുവാരക്കുണ്ട് പഞ്ചായത്ത് അധികൃതര്‍ വാങ്ങിയതിനെച്ചൊല്ലി വിവാദം. വളം വാങ്ങിയത് കേരസമിതിയെയും കാര്‍ഷിക വികസന സമിതിയെയും അറിയിക്കാതെയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. അളവിലും വിലയിലും അഴിമതിയുണ്ടെന്ന് കര്‍ഷകര്‍ക്കിടെ പരാതി ഉയര്‍ന്നപ്പോള്‍ അത് ഉദ്യോഗസ്ഥരുടെയും സമിതി സെക്രട്ടറിയുടെയും തലയിലിട്ട് യുഡിഎഫ് നേതൃത്വം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഎം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ഭരണസമിതിയുടെ മിനി സിവില്‍ സ്റ്റേഷന് പദ്ധതി ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന് പൂര്‍ണമായും വിട്ടുകിട്ടാത്ത ഭൂമിയില്‍ പൊതു ഫണ്ടുപയോഗിച്ച് ഒരു നിര്‍മാണവും അനുവദിക്കില്ലെന്നും ലോക്കല്‍ സെക്രട്ടറി കെ.കെ. ജയിംസ്, എ.കെ. സജാദ് ഹുസൈന് എന്നിവര്‍ പറഞ്ഞു.
ബഡ്സ് സ്കൂള്‍ കെട്ടിടത്തിന് സ്ഥലമെടുത്തതും ശിലാസ്ഥാപനം നടത്തിയതും ജനകീയ കമ്മിറ്റിയാണ്. എൻജിനിയറിംഗ് വിഭാഗം അനുമതിയും ലഭിച്ചതാണ്. ടി.എം രാജു, മഠത്തില്‍ ലത്തീഫ്, നുഹ്മാന്‍ പാറമ്മല്‍, വി.സി ഉണ്ണികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.