കർവാ ചൗത് വ്രതാനുഷ്ഠാനത്തെയും അതിലെ ലിംഗസമത്വത്തെയും ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭർത്താക്കന്മാരുടെ ദീർഘായുസിനും ക്ഷേമത്തിനുമായി ഭാര്യമാർ മാത്രം ഉപവാസമെടുക്കുന്ന പരമ്പരാഗത രീതിയെ ചോദ്യം ചെയ്തുകൊണ്ട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ ദിവ്യജ ഭാസിൻ പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്.
ദാമ്പത്യത്തിലെ സ്നേഹവും കരുതലും ഇരുവശത്തുനിന്നും ഒരുപോലെ ഉണ്ടാകേണ്ടതാണെന്നും, ഒരു പങ്കാളി മാത്രം മറ്റൊരാൾക്കായി വിശപ്പും ദാഹവും സഹിക്കുന്നത് നീതികേടാണെന്നും അവർ അഭിപ്രായപ്പെട്ടു.
സ്ത്രീകൾ തങ്ങളുടെ സ്നേഹം തെളിയിക്കാൻ ഇത്തരം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ ദിവ്യജ, എന്തുകൊണ്ട് പുരുഷന്മാർ ഭാര്യമാർക്കായി ഇതേ വ്രതം അനുഷ്ഠിക്കുന്നില്ലെന്ന ചോദ്യവും ഉയർത്തി.
ഉപവാസത്തിനൊടുവിൽ ഭാര്യ ഭർത്താവിന്റെ പാദങ്ങൾ വന്ദിക്കുന്ന ആചാരത്തെയും അവർ വിമർശിക്കുകയുണ്ടായി. പരസ്പര ബഹുമാനമാണ് ദാമ്പത്യത്തിന്റെ കാതൽ എന്നും, തനിക്കായി ത്യാഗം സഹിക്കുന്ന ഭാര്യയെ ആദരിക്കുകയാണ് പുരുഷൻ ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പരമ്പരാഗത ആചാരങ്ങളെ കണ്ണടച്ച് പിന്തുണയ്ക്കാതെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, സമാനമായ രീതിയിൽ പുരുഷന്മാരും ഇത്തരം വ്രതങ്ങളുടെ ഭാഗമാകണമെന്ന അഭിപ്രായവും ശക്തമാണ്.
അതേസമയം, കാലഹരണപ്പെട്ട ഇത്തരം പാരമ്പര്യ രീതികൾ പൂർണമായും അവസാനിപ്പിക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.