കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സംസ്ഥാന സര്‍ക്കാരിന് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ അപേക്ഷയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പത്തു ദിവസത്തിനകമാണ് വിശദമായ പ്രപ്പോസല്‍ തയാറാക്കിയത്. നിര്‍ദ്ദിഷ്ട ഭൂമിയുടെ റീസര്‍വേ ഡിജിറ്റൽ സ്കെച്ച്, ഡ്രോണ്‍ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രപ്പോസലിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എയിംസ് മാതൃകയിലുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് പെരിയയെന്ന് കളക്ടര്‍ പറഞ്ഞു.
അനുയോജ്യമായ സ്ഥലത്ത് 200 ഏക്കര്‍ ഭൂമി, റോഡ് കണക്ടിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്. പെരിയയില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി, ഈ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ട് വയ്ക്കുന്നതെന്ന് കളക്ടർ പറഞ്ഞു. പെരിയയിലെ സംസ്ഥാന സര്‍ക്കാരിനുള്ള കീഴിലുള്ള പിസികെ ബ്ലോക്കുകള്‍ നേരില്‍ സന്ദര്‍ശിച്ച് പരിശോധിച്ചാണ് പ്രപ്പോസല്‍ തയാറാക്കിയത്. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി.രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ഹൊസ്ദുര്‍ഗ് തസില്‍ദാര്‍ കെ. രമേശന്, പെരിയ വില്ലേജ് ഓഫീസര്‍ മധു, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, പിസികെ യൂണിറ്റ് മാനേജര്‍ സജീവ് എന്നിവരാണ് കളക്ടര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയത്.
പ്രധാന നേട്ടങ്ങളും പ്രാധാന്യവും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള കരുതല്‍: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എന്‍വയോണ്‍മെന്റല്‍ മെഡിസിന്, ദീര്‍ഘകാല ഫോളോഅപ്പ് എന്നിവയ്ക്കുള്ള പരമോന്നത കേന്ദ്രമായി എയിംസ് മാറും.
സമീപത്തെ കേരള കേന്ദ്രസര്‍വകലാശാലയുടെ കാമ്പസ്, ഐസിഎആര്‍ - സിപിസിആര്‍ഐ, എച്ച്എഎല്‍ എന്നിവയുമായി ചേര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസം, പബ്ലിക് ഹെല്‍ത്ത്, ലൈഫ് സയന്‍സസ് മേഖലകളില്‍ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം. സര്‍വകലാശാലയിലെ ഹെലിപാഡ് അടിയന്തര എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ക്കും പ്രയോജനപ്പെടും.
മുന്‍പ് കേന്ദ്രസര്വകലാശാലയ്ക്കായി പ്ലാന്റേഷന് കോര്പറേഷന് ഭൂമി വിട്ടുനല്‍കിയ മാതൃകയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി റവന്യു വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാന്‍ സാധിക്കും.
നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികള്‍ക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനന്‍സ് തുടങ്ങിയ അനുബന്ധ മേഖലകളില്‍ പുനരധിവാസം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ പ്രാദേശികമായി വന്‍തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വടക്കന്‍ കേരളത്തിലെയും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെയും (ദക്ഷിണ കന്നഡ, കുടക്) ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു സുപ്രധാന തൃതീയതല ആരോഗ്യ കവാടമായി പെരിയ മാറും.