Kerala
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആളിനെ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. ഇയാൾക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയിൽവച്ച് സംഘർഷമുണ്ടായത്. ഇതിൽ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരിൽ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്‍റെ പരാതിയിൽ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുൾ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആഴ്ചകൾക്കു മുമ്പ് സംഘർഷത്തിൽ പരിക്കേറ്റയാൾക്ക് അത്യാഹിതവിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരിക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
Kerala
കാസര്‍ഗോഡ്: സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍ഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.