ന്യൂഡൽഹി: യുഎസിലെ ക്ഷേമപദ്ധതികളിൽ ക്രമക്കേട് നടത്തി കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തെന്ന കേസിൽ ഇന്ത്യൻ വംശജൻ മൻജീത് സിംഗ് ബേദിയെ ഇന്ത്യയിൽവച്ച് അറസ്റ്റ് ചെയ്തതായി എഫ്ബിഐ.
കഴിഞ്ഞവർഷമാകാം ഇയാൾ യുഎസിൽനിന്ന് ഇന്ത്യയിലേക്ക് കടന്നതെന്ന് കരുതുന്നതായും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ഇയാളെ നിയമനടപടികള്‍ക്കായി യുഎസിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സര്‍ക്കാരില്‍നിന്ന് ഏകദേശം 5 കോടിയിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിയെക്കുറിച്ച് പാരിതോഷികം ഉൾപ്പടെ എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.
വാഷിംഗ്ടണിലെ ടാക്കോമയില്‍ ചെറിയൊരു പലചരക്ക് കടയുടെ മറവിലായിരുന്നു ബേദിയുടെ തട്ടിപ്പ്. യുഎസ് സർക്കാർ ദരിദ്രവിഭാഗക്കാർക്കുവേണ്ടി ആവിഷ്കരിച്ച സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പദ്ധതിയുടെ മറവിൽ ക്രമക്കേട് നടത്തുകയായിരുന്നു ബേദി.
ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെത്തുന്നവർക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നതിന് പകരം അവരുടെ ഗവണ്മെന്റ് ബെനിഫിറ്റ് കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്ത് പണം കൈമാറുകയായിരുന്നു രീതി.
ഈ തുകയുടെ പകുതി ഇയാൾ കൈക്കലാക്കി. 2024 മാര്‍ച്ചിനും 2025 ജൂണിനും ഇടയില്‍ 6 ലക്ഷം ഡോളറെങ്കിലും ഇയാള്‍ തട്ടിയെടുത്തുവെന്ന് എഫ്ബിഐ കണക്കുകൂട്ടുന്നു.